ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വാര്‍ത്തസമ്മേളനത്തിനെത്തിയ രാഹുൽ ഗാന്ധി. ജയ്റാം രമേശ്, വി.ഡി. സതീശൻ എന്നിവർ സമീപം

കോണ്‍ഗ്രസ് അധ്യക്ഷന്‍റേത് ചരിത്രപരമായ സ്ഥാനം -രാഹുൽ ഗാന്ധി

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമാണെന്ന് രാഹുൽ ഗാന്ധി. അതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനവും തെരഞ്ഞെടുപ്പും രാജ്യത്തിന്‍റെ ശ്രദ്ധേയമാകുന്നത്. ഇന്ത്യയുടെ ആദര്‍ശത്തിന്‍റെ പ്രതിരൂപമാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് പദവി. ആ പദവിയിൽ വരുന്നത് ആരായാലും രാജ്യത്തെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്നയാളാകണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. അധ്യക്ഷന്‍ ആരായാലും അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. ആ പദവിയിലേക്ക് വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ളയാളാകണം. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമോയെന്ന ചോദ്യം എല്ലാ കാര്യങ്ങളില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്. അതിന് നിന്നുകൊടുക്കാൻ തയാറല്ല. തന്‍റെ നിലപാട് കോണ്‍ഗ്രസ് കുടുംബത്തെ അറിയിച്ചിട്ടുമുണ്ട്. അക്കാര്യം ആവര്‍ത്തിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നപോലെ മറ്റൊരു പാര്‍ട്ടിയോടും മാധ്യമങ്ങള്‍ ചോദിക്കാറില്ല. ഇന്ത്യയില്‍ കോണ്‍ഗ്രസിന് അത്രമേല്‍ സ്ഥാനമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ജനാധിപത്യം ഇന്നും നിലനില്‍ക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്. അതുകൊണ്ട് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏത് പ്രവര്‍ത്തകനും അവകാശമുണ്ട്. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്നത് ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിലെടുത്ത തീരുമാനമാണ്. അതിനോട് പാര്‍ട്ടി പ്രതിബദ്ധത കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സമയമില്ലാത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട. യു.പിയില്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ കൃത്യമായ കാഴ്ചപ്പാടുണ്ട്. ഏതൊക്കെ സംസ്ഥാനങ്ങളിൽക്കൂടി കടന്നുപോകുന്നു എന്നതല്ല വിഷയം. യാത്രയുടെ ഫലം ഓരോ സംസ്ഥാനത്തും പ്രതിഫലിക്കണം. രാജ്യത്തിന്‍റെ ഒരു അറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്കാണ് യാത്ര. അതനുസരിച്ചാണ് റൂട്ടും മറ്റും നിശ്ചയിച്ചത്. പതിനായിരക്കണക്കിന് കിലോമീറ്റർ താണ്ടുക എന്നത് അസാധ്യമാണ്. അതുകൊണ്ടുതന്നെ യാത്രയിൽ ചില പരിമിതികളുണ്ടാകും. യാത്രയിലെ ഒരു അണിമാത്രമാണ് താന്‍. മാധ്യമങ്ങളാണ് തന്നിലേക്ക് യാത്ര കേന്ദ്രീകരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പ് അല്ല യാത്രയുടെ ലക്ഷ്യം. ഇന്ത്യയെ ഒരുമിപ്പിക്കാനാണ് യാത്ര. വര്‍ഗീയതയുടെ പേരില്‍ ഇന്ന് രാജ്യത്ത് നടക്കുന്ന വിഭജനം കാണാതെ പോകരുത്. ഭീഷണിപ്പെടുത്തിയും പണം കൊടുത്തും ജനങ്ങളെ വാങ്ങാന്‍ കഴിവുള്ളവരാണ് രാജ്യം ഭരിക്കുന്നത്. ബി.ജെ.പി എന്ന എ.ടി.എം മെഷിനെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നത്.

എല്ലാത്തരം വർഗീയതയും അക്രമവും നേരിടേണ്ടതാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വർഗീയതയോട് ഒരുതരത്തിലുള്ള വീട്ടുവീഴ്ചയും പാടില്ല. പോപുലർ ഫ്രണ്ട് ഓഫിസുകളിലെ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

താൻ എല്ലാത്തരം ആക്രമണങ്ങൾക്കും വർഗീയതക്കും എതിരാണെന്നും അദ്ദേഹം പ്രതികരിച്ചു. ഭാരത് ജോഡോ യാത്രക്ക് കേരളത്തിലെ ജനങ്ങൾ മികച്ച പിന്തുണയാണ് നൽകുന്നത്. യാത്രയുടെ ലക്ഷ്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Tags:    
News Summary - Congress president is a historical position -Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.