ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 85ാം പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾ ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് പുനരുജ്ജീവനം നൽകുന്നതാണെന്ന് മെക്കാ സംസ്ഥാന പ്രസിഡൻറ് പ്രഫ. പി. നസീറും സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലിയും സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
1931ൽ ബ്രിട്ടീഷ് ഭരണകാലത്താണ് രാജ്യത്ത് അവസാനമായി ജാതി സെൻസസ് നടന്നത്. രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന പട്ടികജാതി- പട്ടികവർഗ്ഗ ദലിത് - ന്യൂനപക്ഷ മത വിഭാഗങ്ങളുടെ തൽസ്ഥിതി വ്യക്തമാക്കുന്ന ജാതി സെൻസസിനെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എല്ലാ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്കും ഭയമാണ്. ഒ.ബി.സി മന്ത്രാലയം രൂപീകരിക്കാനും, സംവരണം, സാമൂഹ്യ നീതി, സ്വകാര്യ ഉദ്യോഗ തൊഴിൽ മേഖലകളിലേതടക്കമുള്ള പ്രാതിനിധ്യം, ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പു വരുത്തുമെന്ന പ്രമേയങ്ങളും പിന്നാക്ക ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് ശുഭപ്രതീക്ഷ നൽകുന്ന ധീരമായ നീക്കങ്ങളാണ്.
15 ശതമാനത്തിന് താഴെ മാത്രം വരുന്ന സാമൂഹിക ശ്രേണിയിലെ ഉന്നതരായ ഒരു ചെറുസംഘം എക്കാലവും ഭരണ നിർവ്വഹണ - നിയമനിർമാണ -നീതിന്യായരംഗം കയ്യാളിക്കൊണ്ടിരിക്കുന്നത് നീതി നിഷേധവും അവസര സമത്വത്തിനെതിരെയുള്ള കടന്നുകയറ്റവുമാണ്. മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളുടെ ഒരു ഐക്യനിര രൂപപ്പെടുത്തിക്കൊണ്ട് സമസ്ത വിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു ദേശീയ സർക്കാർ രൂപീകരിക്കുന്നതിനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരിശ്രമിക്കേണ്ടതെന്ന് മെക്ക ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.