ന്യൂഡൽഹി: ഇറാൻ മണ്ണിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് കോൺഗ്രസ്. ഇറാന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം അസ്ഥിരത വർധിപ്പിക്കുകയും കൂടുതൽ സംഘർഷങ്ങൾക്ക് വിത്തുകൾ വിതക്കുകയും ചെയ്യും. ഇരുരാജ്യങ്ങളും ചര്‍ച്ചകളിലേക്ക് എത്തുന്നതിന് എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിച്ച് ഇന്ത്യ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം -കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.
ഗുരുതരമായ പ്രാദേശിക, ആഗോള പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന നടപടിക്കാണ് ഇസ്രായേൽ തുടക്കമിട്ടിരിക്കുന്നത്. അപകടകരമായ പ്രകോപനമാണിത്. വ്യോമാക്രമണങ്ങളിലൂടെയോ രഹസ്യ കൊലപാതകങ്ങളിലൂടെയോ അസ്ഥിരത വർധിപ്പിക്കുകയും കൂടുതൽ സംഘർഷങ്ങൾക്ക് വിത്തുകൾ വിതക്കുകയും ചെയ്യുന്നതാണ് നടപടി. ഇറാനുമായി ഇന്ത്യക്ക് ദീർഘകാല ബന്ധങ്ങളുണ്ട്. സമീപ ദശകങ്ങളിൽ ഇസ്രായേലുമായി തന്ത്രപരമായ ബന്ധവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സവിശേഷ നിലപാട് സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനത്തിനുമുള്ള പാലമായി പ്രവർത്തിക്കാനുള്ള ധാർമിക ഉത്തരവാദിത്തവും നയതന്ത്രപരമായ കരുത്തും നമ്മുടെ രാജ്യത്തിന് നൽകുന്നു -അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിൽ ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ഈ മേഖലയിലെ സമാധാനം ഇന്ത്യക്ക് ഭൗമരാഷ്ട്രീയ ആശങ്കയെക്കാൾ സുപ്രധാന ദേശീയ താൽപര്യമാണ് -ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.