ഫലസ്തീന്റെ പേരിൽ മലപ്പുറത്ത് നടന്നത് കോൺഗ്രസ് -എ യുടെ ‘കരയുദ്ധം’

മലപ്പുറം: ഏറെ നാളായി പുകയുന്ന മലപ്പുറം കോൺഗ്രസിലെ ​ഗ്രൂപ് ​പോരിന്റെ കൈ വിട്ട കളിയായി എ. ഗ്രൂപിന്റെ റാലി. ഫലസ്തീൻ ഐക്യദാർഢ്യറാലി എന്ന പേരിൽ കെ. പി.സി.സി വിലക്ക് ലംഘിച്ച് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ നടന്ന ശക്തിപ്രകടനം പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ യു.ഡി.എഫിന് വലിയ തലവേദനയാണ് സൃഷ്ടിക്കാൻ പോകുന്നത്. പ്ര​ത്യേകിച്ച് രാഹുൽ ഗാന്ധിയുടെ മണ്ഡലം ഉൾപെടുന്ന നിലമ്പൂർ മേഖലയിലാണ് എ. വിഭാഗത്തിന്റെ ശക്തികേന്ദ്രം.

ഇതുവരെ കോൺഗ്രസിനകത്ത് നടന്ന ഒളിയുദ്ധം ‘കരയുദ്ധ’മായി മാറുകയാണ് ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ നടന്ന റാലിയോടെ. ഔദ്യോഗിക വിഭാഗത്തെ പരസ്യമായി വെല്ലുവിളിച്ചായിരുന്നു എ. വിഭാഗത്തി​ന്റെ റാലി. കഴിഞ്ഞ മാസം പുറത്തുവന്ന കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റിൽ എ. വിഭാഗത്തെ വെട്ടി നിരത്തി എന്ന പരാതി വ്യാപകമായിരുന്നു. ഇതിന്റെ പേരിൽ തർക്കം രൂക്ഷമാവുന്നതിനിടയിലാണ് എ. വിഭാഗം ഫലസ്തീൻ ഐക്യദാർഢ്യറാലി പ്രഖ്യാപിച്ചത്.

ആര്യാടൻ ഫൗണ്ടേഷന്റെ പേരിലാണ് മലപ്പുറത്ത് നേരത്തെയും ഐ. ഗ്രൂപ് പരിപാടികൾ നടന്നത്. എം.കെ. രാഘവൻ ഉൾപടെ നേതാക്കളെ ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ പ​ങ്കെടുപ്പിക്കാൻ ഒരുക്കം നടന്നിരുന്നു. റാലിക്ക് കെ.പി.സി.സി വിലക്ക് ഏർപെടുത്തിയതോടെ നേതാക്കൾ പിൻമാറിയെന്നാണ് വിവരം. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് എ. വിഭാഗത്തിന്റെ ശക്തി വിളിച്ചോതുന്നതാണ് മലപ്പുറത്ത് നടന്ന റാലി. മണ്ഡലം പ്രസിഡന്റ് പട്ടികയിൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് പരാതിയുമായി എ. വിഭാഗം ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ നേരിൽ കണ്ട് പരാതി പറഞ്ഞിരുന്നു. അതൊന്നും പ​ക്ഷെ ഫലം ചെയ്തില്ല. ഈ സാഹചര്യത്തിലായിരുന്നു റാലി പ്രഖ്യാപനം.

ഔദ്യോഗിക വിഭാഗവുമായി ചർച്ചക്ക് തയാറാണെന്ന് ഷൗക്കത്ത് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ​ഗ്രൂപിന്റെ ശക്തി കാട്ടി കെ.പി.സി.സി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാക്കുകയാണ് ലക്ഷ്യം. കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായ വണ്ടൂരിൽ എ.പി അനിൽകുമാറിന് വെല്ലുവിളി ഉയർത്താൻ എ. വിഭാഗം നീക്കങ്ങൾ നടത്തുന്നുമുണ്ട്.

അതേ സമയം നേരത്തെ നിലമ്പൂർ നിയോജകമണ്ഡലത്തിൽ പി.വി അൻവർ എം.എൽ.എക്ക് കാന്തപുരം സുന്നി വിഭാഗം നൽകിയ പിന്തുണ പുതിയ സാഹചര്യത്തിൽ ആര്യാടൻ ഷൗക്കത്തിന് നൽകുന്നതായി സൂചനയുണ്ട്. ഷൗക്കത്തിന്റെ റാലി വിജയിച്ചതിൽ ഈ ഘടകവും പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.

യു.ഡി.എഫ് ദുർബലമാകുന്ന ഇടങ്ങളിൽ ഇടപെടാൻ സി.പി.എം തക്കം പാർത്തിരിക്കുന്നുണ്ട് ജില്ലയിൽ. സമസ്ത-ലീഗ് തർക്കത്തിലും ഈ മുതലെടുക്കൽ ശ്രമം നടക്കുന്നുണ്ട്. അതിനിടയിലാണ് കോൺഗ്രസിൽ നടുറോഡിൽ ‘ഏറ്റുമുട്ടൽ’.

Tags:    
News Summary - Congress A Palestine Support Rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.