തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ആർ.എസ്.എസ് അനുകൂല പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ രജിസ്ട്രാർ പ്രഫ. അനിൽ കുമാറിനോട് റിപ്പോർട്ട് തേടി.
ഹാൾ അനുവദിക്കുന്നതിന് സർവകലാശാല ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടതിനെ തുടർന്ന് പരിപാടിക്കുള്ള അനുമതി രജിസ്ട്രാർ റദ്ദാക്കിയിരുന്നു. ചാൻസലറായ ഗവർണർ പങ്കെടുക്കുന്ന പരിപാടിക്കുള്ള അനുമതി റദ്ദാക്കിയ സംഭവത്തിൽ രാജ്ഭവൻ വൈസ്ചാൻസലറിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ ഭാഗമായാണ് വി.സി രജിസ്ട്രാറോട് റിപ്പോർട്ട് തേടിയത്. ശനിയാഴ്ച ഉച്ചക്ക് മുമ്പ് റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.
തന്റെ അനുമതിയില്ലാതെ പരിപാടിയുടെ സംഘാടകരായ ശ്രീ പത്മനാഭ സ്വാമി സേവാസമിതി സെക്രട്ടറിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയത് വിശദീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. അതേസമയം, 26 മാനദണ്ഡങ്ങൾ അടങ്ങിയ കരാർ ഒപ്പിട്ടുനൽകിയതിനെ തുടർന്നാണ് വി.സിയുടെ ഉത്തരവ് പ്രകാരം രജിസ്ട്രാർ സെനറ്റ് ഹാൾ പരിപാടിക്കായി അനുവദിച്ചത്. കരാറിലെ രണ്ടാമത്തെ വ്യവസ്ഥ പ്രകാരം ഹാളിൽ മതപരമായ ചിഹ്നങ്ങളോ ആചാരങ്ങളോ നടത്താൻ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിൽ ഒപ്പിട്ടുനൽകിയ ശേഷമാണ് സംഘാടകർ പരിപാടിക്കായി ആർ.എസ്.എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഹാളിലെ വേദിയിൽ സ്ഥാപിക്കുകയും പുഷ്പാർച്ചനക്ക് സൗകര്യം ഒരുക്കുകയും ചെയ്തത്. ഇക്കാര്യം സർവകലാശാല സെക്യൂരിറ്റി ഓഫിസറും പി.ആർ.ഒയും രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്നാണ് രജിസ്ട്രാർ പരിപാടി നടക്കുന്ന സെനറ്റ് ഹാളിലെത്തിയതും ചിത്രം എടുത്തുമാറ്റാൻ നിർദേശിക്കുകയും ചെയ്തത്.
ചിത്രം എടുത്തുമാറ്റാൻ തയാറല്ലെന്ന് സംഘാടകർ അറിയിച്ചതോടെ പരിപാടിക്കുള്ള അനുമതി റദ്ദ് ചെയ്യേണ്ടിവരുമെന്ന് രജിസ്ട്രാർ അറിയിച്ചു. എന്നിട്ടും വഴങ്ങാതെ വന്നതോടെ പരിപാടിക്കായി നൽകിയ താൽക്കാലിക അനുമതി റദ്ദ് ചെയ്ത് രജിസ്ട്രാർ ഉത്തരവ് നൽകി. ഇത് പാലിക്കാതെയാണ് പരിപാടിയുമായി സംഘാടകർ മുന്നോട്ടുപോയതും ഗവർണർ വേദിയിലെത്തിയതും കാമ്പസിലും പരിസരങ്ങളിലും സംഘർഷത്തിന് വഴിവെച്ചതും.
സർവകലാശാലയുമായുണ്ടാക്കിയ കരാർ ലംഘിച്ച് അനുമതി റദ്ദാക്കിയിട്ടും പരിപാടിയുമായി മുന്നോട്ടുപോയത് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ ഡി.ജി.പിക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.