??????????

അമ്മ മരിച്ച് അവധി ചോദിച്ച കണ്ടക്ടര്‍ക്ക് സംസ്ഥാനത്തിന് പുറത്ത് ഡ്യൂട്ടി നൽകി കെഎസ്.ആർ.ടി.സി

കാസര്‍കോട്: അമ്മ മരിച്ചതിനെ തുടര്‍ന്ന് അവധി ചോദിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് സംസ്ഥാനത്തിന് പുറത്ത് ഡ്യൂട്ടി നല്‍കി. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശിയും ആദിവാസിയുമായ ടി.വേണുവിനാണ് ഈ അനുഭവം. കഴിഞ്ഞ നവംബര്‍ 12ന് തിങ്കളാഴ്ച രാവിലെയാണ് വേണുവിന്‍െറ അമ്മ യശോദാഭായി മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ബാധിതയായി മൂന്നുവര്‍ഷമായി അര്‍ബുദ രോഗബാധിതയായ യശോദാഭായി തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ അത്യാസന്ന നിലയിലായിരുന്നു.

ഞായറാഴ്ച 8.30ന് കാസര്‍കോട് ഡിപ്പോയില്‍ ഡ്യൂട്ടിക്ക് കയറിയ വേണുവിന്‍െറ ജോലി തിങ്കളാഴ്ച രാവിലെ 10  മണിയോടെ അവസാനിച്ചിരുന്നു. ഓഫിസില്‍ വിശ്രമിക്കുന്നതിനിടെയാണ് അമ്മ അത്യാസന്ന നിലയിലാണെന്നും  ഉടന്‍ വീട്ടിലത്തെണമെന്നും ബന്ധുക്കള്‍ അറിയിച്ചത്. ഇക്കാര്യം വേണു സ്റ്റേഷന്‍ മാസ്റ്ററെയും കണ്‍ട്രോളിങ് ഇന്‍സ്പെക്ടറെയും അറിയിച്ചുവെങ്കിലും  ‘പകരം കണ്ടക്ടറെ നീ തന്നെ ഏര്‍പ്പാടാക്ക് ’ എന്ന മറുപടിയാണത്രെ ലഭിച്ചത്. മേലുദ്യോഗസ്ഥര്‍  പരിഹസിച്ചതായും വേണു പറഞ്ഞു.

അവധി നിഷേധിക്കപ്പെട്ടതോടെ വേണുവിന് മംഗളൂരുവിലേക്ക് ഡ്യൂട്ടി ലഭിച്ചു. ബസ് മംഗളൂരു തൊക്കോട്ട്  എത്തിയ ഘട്ടത്തില്‍, അമ്മ മരിച്ചതായും  മൃതദേഹം എന്തു ചെയ്യണമെന്നും ബന്ധുക്കള്‍ വിളിച്ച്  ചോദിച്ചു.   താന്‍ വന്നതിനുശേഷം മൃതദേഹം എടുത്താല്‍ മതിയെന്ന് വേണു  പറഞ്ഞു. ബസ് മംഗളൂരു സ്റ്റേഷനിലത്തെിച്ച് തിരികെ യാത്രക്കാരുമായി വന്ന് കാസര്‍കോട്ട് ഇറക്കി. തുടര്‍ന്ന്  ബസിലെ ഡ്രൈവര്‍, വേണുവിന് 65 കിലോമീറ്റര്‍ ദൂരമുള്ള വീട്ടിലേക്ക് പോകാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓഫിസ് വണ്ടി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും  അതും ഉണ്ടായില്ലത്രെ.

വൈകീട്ട് ആറുമണിയോടെ വേണു എത്തിയശേഷമാണ് സംസ്കാര ചടങ്ങ് നടന്നത്. വേണുവിന്‍െറ ഭാര്യാപിതാവും കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി സ്റ്റേഷനിലെ ജീവനക്കാരനുമായ ബാലകൃഷ്ണനും  ഡിപ്പോ അവധി നിഷേധിച്ചു. അതേസമയം, വേണുവിന്‍െറ സഹോദരന്‍ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ദാമോദരനെ മരണവിവരമറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ജീവനക്കാര്‍ തന്നെ വീട്ടിലത്തെിച്ചു.  

പനത്തടി പ്ളാന്‍േറഷന് സമീപത്താണ് യശോദാഭായിയുടെ വീട്. എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായിരുന്നുവെങ്കിലും  മെഡിക്കല്‍ ക്യാമ്പ് നടത്താത്തതിനാല്‍ ഇരകളുടെ പട്ടികയില്‍പെട്ടിട്ടില്ല. ഹൃദയ സംബന്ധമായ അസുഖമുള്ളതിനാല്‍  ശസ്ത്രക്രിയയും നടന്നില്ല. തന്നോട് കാണിച്ച അനീതിക്കെതിരെ  പരാതി നല്‍കുന്നതിനെക്കുറിച്ച് യൂനിയനുമായി ബന്ധപ്പെട്ട് ആലോചിക്കുമെന്ന് വേണു പറഞ്ഞു.

എന്നാല്‍, വേണുവിന് അവധി നല്‍കിയിരുന്നുവെന്നും അമ്മയുടെ സംസ്കാര ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നുവെന്നും കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസില്‍ നിന്നും അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവധി നിഷേധിക്കുന്ന പതിവില്ല. മനുഷ്യത്വപരമായ നടപടിയാണ് സ്വീകരിക്കുകയെന്നും അവര്‍ പറഞ്ഞു.

 

News Summary - condector who request for leave to be transfered to out of state duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.