ക്രമക്കേടുകൾക്ക് സാധ്യത; സര്‍ക്കാര്‍ വാഹനങ്ങളില്‍ ഇന്ധനം നിറച്ചതിന് ഇനി എഴുതി തയ്യാറാക്കിയ ബില്ല് പോര

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളില്‍ ഇന്ധനം നിറച്ചതിന്റെ തെളിവായി ഇനി എഴുതിത്തയ്യാറാക്കിയ ബില്ല് പറ്റില്ലെന്ന് ധനകാര്യവകുപ്പ്. ഇന്ധനം നിറക്കുന്നതിന്റെ കംപ്യൂട്ടറൈസ്ഡ് ബില്‍ നിര്‍ബന്ധമാണെന്നാണ് ധനകാര്യവകുപ്പിന്റെ പുതിയ ഉത്തരവ്. അതതു വാഹനങ്ങളുടെ നമ്പര്‍ സഹിതമുള്ള ബില്‍ വാങ്ങണമെന്നാണ് നിര്‍ദേശം. ഇതുണ്ടെങ്കിലേ ഇന്ധനത്തിന്റെ പണം ലഭിക്കൂ.

എഴുതിത്തയ്യാറാക്കിയ ബില്ലിന്റെ വിശ്വാസ്യത ഉറപ്പാക്കാനാകാത്തതിനാലാണ് നിര്‍ദേശമെന്ന് ഉത്തരവില്‍ പറയുന്നു. ക്രമക്കേടുകൾ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുകയുമാണ് പുതിയ നിർദേശങ്ങൾ ലക്ഷ്യമിടുന്നത്.

ഓരോ വാഹനവും ആ ഓഫീസ് നില്‍ക്കുന്ന അഞ്ചു കിലോമീറ്ററിനുള്ളിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ഫെഡിന്റെയോ പമ്പുകളില്‍നിന്നാണ് വാഹന നമ്പര്‍ രേഖപ്പെടുത്തി ഇന്ധനം നിറക്കേണ്ടത്. ഈ സൗകര്യം ലഭ്യമല്ലാത്തയിടങ്ങളില്‍ സ്വകാര്യ പമ്പുകളുമായി കരാറുണ്ടാക്കി ഇന്ധനം നിറക്കാം. ഇതിന്റെ പണം പമ്പ് ഉടമയുടെ അക്കൗണ്ടിലേക്ക് ഓഫീസ് മേധാവി കൈമാറണം.

ഓഫീസ് പരിധിയില്‍നിന്ന് 50 കിലോമീറ്ററിനു മുകളിലുള്ള യാത്രകള്‍ക്ക് പരിധിക്കു പുറത്തുള്ള സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കാം. കംപ്യൂട്ടറൈസ്ഡ് ബില്ല് ഹാജരാക്കി പണം ഡ്രൈവര്‍ക്ക് കൈപ്പറ്റാനാകും. എല്ലാ ഓഫീസ് മേലധികാരികളും എല്ലാ മാസവും ലോഗ് ബുക്ക് പരിശോധിച്ച് മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന് സാക്ഷ്യപ്പെടുത്തി പ്രസ്തുത സാക്ഷ്യ പത്രം ലോഗ് ബുക്കിൽ സൂക്ഷിക്കേണ്ടതാണ്..

Tags:    
News Summary - Computerized fuel bills are must for kerala government vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.