കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടൻ സ്മാരക മന്ദിരത്തിന്റെ നിർമാണത്തിന് സർക്കാർ ജീവനക്കാരിൽനിന്ന് നിർബന്ധ പണപ്പിരിവ്. പാർട്ടി ഫ്രാക്ഷനിൽ ഉൾപ്പെട്ട ജീവനക്കാർ മൊത്തം ശമ്പളത്തിന്റെ 10 ശതമാനം സംഭാവനയായി നൽകാനാണ് നിർദേശം. മേയിലെ ശമ്പളത്തിൽനിന്നുതന്നെ തുക പാർട്ടി ഫണ്ടിൽ അടക്കണമെന്നും നിർദേശമുണ്ട്. സി.പി.എം ജില്ല നേതൃത്വത്തിന്റെ നിലപാടിൽ ഈ ജീവനക്കാർ കടുത്ത അതൃപ്തിയിലാണ്.
മൊത്തം ശമ്പളത്തിന്റെ 10 ശതമാനം നൽകണമെന്ന നിബന്ധനയാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. മൊത്ത ശമ്പളത്തിൽനിന്ന് നികുതി ഉൾപ്പെടെയുള്ളവ കിഴിച്ച് കിട്ടുന്ന തുകയിൽനിന്ന് ഇത്രയും വലിയ തുക നൽകിയാൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ജീവനക്കാർ പറയുന്നത്. മൊത്ത ശമ്പളത്തിന്റേതിനു പകരം ‘നെറ്റ് പേ’യുടെ 10 ശതമാനമെന്നാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഗഡുവായി അടക്കാൻ സംവിധാനം വേണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
ഫ്രാക്ഷൻ ബ്രാഞ്ച് കമ്മിറ്റിയുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഈയാവശ്യം പലരും ഉന്നയിച്ചു. എതിർപ്പ് ശക്തമായതോടെ വിഷയം ചർച്ച ചെയ്യാൻ ലോക്കൽ കമ്മിറ്റി യോഗം ചേർന്നു. എന്നാൽ, സി.പി.എം ജില്ല നേതൃത്വത്തിന്റെ കർശന നിർദേശം യോഗത്തിൽ അറിയിക്കുകയും ഗഡു ഉൾപ്പെടെയുള്ള ആവശ്യം തള്ളുകയും ചെയ്തു.
10 ശതമാനം സംഭാവന ചെയ്യുന്നതിനൊപ്പം പാർട്ടിയോട് അടുത്തുനിൽക്കുന്നവരിൽനിന്ന് സംഭാവന ചോദിക്കാനും അവരുടെ പട്ടിക നൽകാനും നിർദേശമുണ്ട്. കണ്ണൂർ ജില്ലയിൽ ആയിരക്കണക്കിന് വരുന്ന സി.പി.എം അനുകൂല അധ്യാപക -ജീവനക്കാരിൽ പാർട്ടി അംഗം പോലെ കണക്കാക്കുന്ന നൂറുകണക്കിന് പേരാണുള്ളത്. ക്ഷാമബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുമ്പോഴും ലെവിക്കു പുറമെ ഇത്തരം നിർബന്ധ പണപ്പിരിവിൽ ഭൂരിപക്ഷം ജീവനക്കാരും കടുത്ത അമർഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.