യാത്രക്കിടെ ഛർദിക്കാനിറങ്ങി: അമ്മയെയും മകനെയും കാത്തുനിൽക്കാതെ കെ.എസ്.ആർ.ടി.സി ബസ് പോയതായി പരാതി

കോടഞ്ചേരി: യാത്രക്കിടെ ഛർദിക്കാനിറങ്ങിയ അമ്മയെയും മകനെയും കാത്തുനിൽക്കാതെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് പോയതായി പരാതി. മൈസൂരുവിൽനിന്ന് ചങ്ങനാശേരിക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രായമായ അമ്മക്ക് ഛർദിക്കാൻ രാത്രി 11.30ന് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് മുകളിൽ‍ വ്യൂ പോയന്റിൽ ബസ് നിർത്തിയത്. തുടർന്ന് അമ്മയും മകനും റോഡിൽ ഇറങ്ങി. 15 മിനിറ്റോളം ബസ് കാത്ത് നിന്നെങ്കിലും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഇവരെ കയറ്റാതെ ബസ് യാത്ര തുടരുകയായിരുന്നു.

മൈസൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസായതിനാൽ കൂടുതൽ സമയം കാത്തു നിൽക്കാൻ കഴിയില്ലെന്നാണ് ബസ് ജീവനക്കാർ അറിയിച്ചത്. അമ്മയുമായി എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന മകനെ കണ്ട് മറ്റു യാത്രക്കാർ ഹൈവേ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ഉടൻ അടിവാരത്തെ ആംബുലൻസ് ഡ്രൈവറും ചുരം സംരക്ഷണ സമിതി പ്രവർത്തകനുമായ അബ്ദുൽ ലത്തീഫിനെയും മുപ്പത് ഏക്കറെ സെയ്യനെയും വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസിൽ ചുരം വ്യൂ പോയന്റിൽ എത്തിച്ചു. ഛർദിച്ചു തളർന്നു കിടക്കുകയായിരുന്ന ത്രേസ്യാമ്മയെയും മകനെയും ആംബുലൻസിൽ കയറ്റി പുതുപ്പാടി ജനത ആശുപത്രിയിൽ എത്തിച്ചു.

വ്യൂ പോയന്റിനിന്ന് ആംബുലൻസ് അടിവാരത്ത് എത്താൻ 50 മിനിറ്റ് എടുത്തു. വലിയ വാഹനങ്ങൾ ചുരം കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയും തിരക്കായതിനാൽ ആംബുലൻസിന് ഹൈവേ പൊലീസ് വഴി ഒരുക്കി കൊടുത്താണ് ആശുപത്രിയിൽ എത്തിച്ചത്. 900 രൂപയുടെ ടിക്കറ്റ് എടുത്ത് യാത്ര പുറപ്പെട്ട ശേഷം ടിക്കറ്റ് പൈസ പോലും തിരിച്ചു നൽകാതെയും ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കാതെയുമാണ് ബസ് ഇവരെ ഉപേക്ഷിച്ച് പോയത്. സ്ഥലം പോലും അറിയാത്ത ഇവർക്ക് വഴിയാത്രക്കാരും ചുരം സംരക്ഷണ സമിതി പ്രവർത്തകരുമാണ് സഹായികളായത്.

Tags:    
News Summary - She vomited during the journey: Complaint that the KSRTC bus left without waiting for the mother and son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.