ഡിവൈ.എസ്.പി എം.ആർ. മധു ബാബുവിനെ എസ്.പിയാക്കാൻ ശിപാർശ, കസ്റ്റഡി മർദന ആരോപണങ്ങൾ നിലനിൽക്കെയാണ് നീക്കം

തിരുവനന്തപുരം: ഡിവൈ.എസ്.പി എം.ആർ. മധു ബാബുവിനെ എസ്.പിയാക്കാൻ നീക്കം. കസ്റ്റഡി മർദന ആരോപണങ്ങൾ നിലനിൽക്കെയാണ് എം.ആർ മധു ബാബുവിനെ എസ്.പി ആക്കാൻ ശിപാർശ നൽകിയത്. സ്ഥാനകയറ്റ പട്ടികയിൽ ഇയാളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. മധു ബാബുവിനെതിരെ നേരത്തെ കസ്റ്റഡി മർദന ആരോപണങ്ങൾ ഉയർന്നിരുന്നു. പത്തനംതിട്ടയിൽ എസ്.എഫ്.ഐ നേതാവിനെ മർദിച്ചതായി പരാതിയുണ്ട്. 2016ൽ കസ്റ്റഡി മർദനം ഉൾപ്പെടെ തെളിയിക്കപ്പെട്ടിരുന്നു. എന്നാൽ, നിലവിൽ അച്ചടക്ക നടപടിയൊന്നുമില്ലെന്ന് സെലക്ട് കമ്മിറ്റി അറിയിച്ചു.

സൈനികനെ മർദിച്ച കേസിൽ ഏഴുമാസം മധു ബാബുവിനെ ശിക്ഷിക്കുകയും ഹൈകോടതി ശിക്ഷ മരവിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസ് സർവിസ് ഓഫിസേഴ്‌സ് അസോസിയേഷൻ നേതാവ് കൂടിയാണ് ഡിവൈ.എസ്.പി എം.ആർ മധു ബാബു. ആരോപണം ഉയർന്നപ്പോൾ ആലപ്പുഴയിലെ ക്രമസമാധാനത്തിന്റെ ചുമതലയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോൾ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായി ആലപ്പുഴയിൽ തുടരുകയാണ്.

കേരള പൊലീസിൽ ഒട്ടേറെ തവണ ക്രിമിനൽ സംഭവങ്ങളിൽ ആരോപണ വിധേയനായ ആളാണ് മധു ബാബു. ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബുവിനെ ഒരു മാസം തടവിനും 1000 പിഴയടക്കാനും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത് കഴിഞ്ഞ വർഷമാണ്. പള്ളിപ്പുറം സ്വദേശി സിദ്ധാർഥനെ മർദിച്ച കേസിലായിരുന്നു നടപടി. 2006 ഓഗസ്റ്റിൽ ചേർത്തല എസ്.ഐയായിരിക്കെയാണ് സംഭവം.

വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു. സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മര്‍ദിക്കുകയും നഗ്നനാക്കുകയും ചെയ്തുവെന്നാണ് കേസ്. മർദനത്തിൽ സിദ്ധാർഥന്റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധുബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.

Tags:    
News Summary - DySP MR Madhu Babu recommended to be made SP, move comes amid allegations of custodial torture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.