ചെമ്മക്കാട് കയർസംഘത്തിൽ കയർപിരിക്കുന്നസ്​ത്രീകൾ

ഇഴപൊട്ടി കയർ മേഖല

അഞ്ചാലുംമൂട്: കൊല്ലം ജില്ലയുടെ പ്രധാന പരമ്പരാഗത വ്യവസായമായിരുന്നു ഒരു കാലത്ത്​ കയർ. ആലപ്പുഴയിലേതുപോലെ കയർ തൊഴിൽ ഉപജീവനമാർഗമായികണ്ടിരുന്ന നിരവധിപേർ ഒരുകാലത്ത്​ ഇവിടെയുമുണ്ടായിരുന്നു. കായലിന് സമീപമുള്ള പ്രദേശങ്ങളായിരുന്നു കയർ നിർമാണത്തിന്റെ പ്രധാന കേന്ദ്രം. ജില്ലയിലെ നീരാവിൽ, കണ്ടച്ചിറ, ചെമ്മക്കാട്, കുഴിയം, അഞ്ചാലുംമൂട് ഭാഗങ്ങളിലായിരുന്നു കയർ നിർമാണം അഥവ കയർ പിരിപ്പ് ഉണ്ടായിരുന്നത്. തേങ്ങയുടെ തൊണ്ട് (പുറം തൊലി) വീടുകളിൽ നിന്ന് ശേഖരിച്ച് വലിയ കെട്ടുകളായി കായലിൽ ദിവസങ്ങളോളം കുതിർത്ത ശേഷം അത് തൊഴിലാളികൾ ചേർന്ന് തല്ലി ചകിരിയാക്കി മാറ്റുന്നു. ഈ ചകിരി റാട്ടുകൾ ഉപയോഗിച്ച് തൊഴിലാളികൾ പിരിച്ച് കയറാക്കി മാറ്റുന്നു. കായൽക്കരയിലെ മിക്ക വീടുകളിലും കയർ നിർമാണം നടത്തിയിരുന്നു. കാലം പിന്നിട്ടതോടെ, പൊള്ളാച്ചി പോലുള്ള സ്ഥലങ്ങളിൽ നിന്ന് ചകിരി എത്തിച്ച് കയർ പിരിച്ചുനൽകാൻ തുടങ്ങി.

എന്നാൽ, ഇപ്പോൾ കയർ വ്യവസായം പൂർണമായും തകർന്ന അവസ്ഥയിലാണ്. കയർ വാങ്ങാൻ ആളില്ലാത്തതും തേങ്ങയുടെ കുറവും വേതന കുറവും കാരണം ഈ തൊഴിലിനായി ആരും പോകാറില്ല. കയർതൊഴിൽ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പനയം പഞ്ചായത്തിലെ പെരുമണിൽ 1986ൽ അച്യൂതമേനോൻ മന്ത്രിസഭയുടെ കാലത്ത് NCRMI യുടെ നേതൃത്വത്തിൽ കയർ തൊഴിൽ പരിശീലനത്തിനായി കയർ പാർക്ക് സ്ഥാപിച്ചു. ആദ്യ കാലങ്ങളിൽ കയർ നിർമാണത്തിൽ പരിശീലനം നൽകിയിരുന്നു. പിന്നീട്, പ്രവർത്തനം നിലച്ചു. ഇപ്പോൾ പേരിനു മാത്രമായി പ്രവർത്തനം. വ്യവസായം തകർച്ച നേരിട്ടതോടെ കയർ ഭൂവസ്ത്രം ഉൾപ്പെടെ നിർമിക്കാൻ ഇടക്കാലത്ത്​ സർക്കാർ ശ്രമം നടത്തിയെങ്കിലും വേണ്ട രീതിയിൽ പ്രയോജനപ്രദമായില്ല. ഇപ്പോൾ നാമമാത്രമായ കയർ സംഘങ്ങളിൽ മാത്രമാണ് കയർ നിർമാണം നടക്കുന്നത്.

വലിയ വേതനം ഇല്ലങ്കിലും വർഷങ്ങളായി തൊഴിൽ ചെയ്യുന്നവർ മാത്രമാണ് ഈ മേഖലയിൽ നിലകൊള്ളുന്നത്. ഈ മേഖലയിൽ തൊഴിൽ ചെയ്ത നിരവധിപേർ കയർ ക്ഷേമനിധി പെൻഷൻ കൊണ്ട് മാത്രം ജീവിതം തള്ളിനീക്കുന്നുണ്ട്​. കയർ അധിഷ്ഠിത ഉൽപന്നങ്ങൾ നിർമിക്കാൻ സംവിധാനമൊരുക്കിയും ടൂറിസം വകുപ്പുമായി കൂടിച്ചേർന്ന്​ അതിന്​ വിപണി കണ്ടെത്താൻ പ്രോത്സാഹനം ലഭിച്ചാൽ ഈ തൊഴിൽ മേഖല തകരാതിരിക്കാൻ ഇനിയും സാധ്യതയുണ്ടെന്ന്​ അതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു.

(അവസാനിച്ചു)

Tags:    
News Summary - coir industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.