സി.എം.ആർ.എൽ സാമ്പത്തിക ഇടപാട്: മുൻ മുഖ്യമന്ത്രിയും മകൾ വീണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇ.ഡി

കൊച്ചി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡുകൾക്ക് പിന്നാലെ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇ.ഡി ഈ നിർണായക വിവരങ്ങൾ വ്യക്തമാക്കിയത്. കമ്പനിയിൽനിന്ന് വ്യാജ ചെലവുകളുടെ മറവിൽ വകമാറ്റിയ ഫണ്ടിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ വീണയാണെന്നും കേന്ദ്ര അന്വേഷണ ഏജൻസി പരസ്യപ്പെടുത്തി.

ഇ.ഡി റെയ്ഡ്  നടക്കുന്ന പിണറായി വിജയൻ്റെ പിണറായിയിലെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ -ചിത്രം ബിമൽ തമ്പി


 സി.എം.ആർ.എൽ കമ്പനിയിൽനിന്ന് യാതൊരുവിധ സേവനങ്ങളും നൽകാതെ വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കമ്പനിയുടെ നിയമപരമായ ചെലവുകൾ എന്ന വ്യാജേനയാണ് ഈ തുക വകമാറ്റിയത്. ഇത്തരത്തിൽ പണം കൈപ്പറ്റിയവരിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയും ഉൾപ്പെടുന്നുവെന്നും, പരിശോധനകളുടെയും അന്വേഷണത്തിന്റെയും പരിധിയിൽ മുൻ മുഖ്യമന്ത്രിയും മകളും കൃത്യമായി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇ.ഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇ.ഡി വാർത്താക്കുറിപ്പ് പുറത്തുവിടുന്നതിന് മുന്നോടിയായി ഇന്ന് പുലർച്ചെ മുതൽ കേരളത്തിലും ബംഗളൂരുവിലുമായി പത്ത് കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്, കണ്ണൂർ പിണറായി പണ്ട്യാലമുക്കിലെ വസതി, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് എന്നിവിടങ്ങളിൽ കേന്ദ്രസേനയുടെ കനത്ത സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. കൂടാതെ കൊച്ചിയിലെ സി.എം.ആർ.എൽ ഓഫിസ്, ബംഗളൂരുവിലെ എക്സാലോജിക് കമ്പനിയുടെ ഓഫിസ് എന്നിവയും ഇ.ഡി റെയ്ഡിന്റെ പരിധിയിലുണ്ട്.

മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിനെതിരെ സി.എം.ആർ.എൽ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികൾ കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി തള്ളിയിരുന്നു. ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകമാണ് ഇ.ഡിയുടെ ഭാഗത്തുനിന്നും ഇത്രയും ശക്തമായ നീക്കമുണ്ടായത്.

Tags:    
News Summary - CMRL Case: ED Confirms Involvement of Former CM and Daughter Veena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.