തിരുവനന്തപുരം: ചെങ്ങന്നൂരിൽ നടന്ന 14-ാമത് ‘പംപ’ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ താൻ നടത്തിയ പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾക്കും സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങൾക്കും മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. തന്റെ വാക്കുകളെ ചിലർ മൈക്രോസ്കോപ്പിക് ലെൻസിലൂടെ നോക്കി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
ചില അമ്മമാർക്ക് അവർക്ക് മാത്രം നിർമ്മിക്കാൻ കഴിയുന്ന പ്രത്യേക ഭക്ഷണ രീതികളും വിഭവങ്ങളും ഉണ്ടാകാറുണ്ട്. തന്റെ അമ്മ മരിച്ചിട്ട് 27 വർഷമായെങ്കിലും അമ്മയുണ്ടാക്കി തന്ന ഭക്ഷണത്തിന്റെ രുചി ഇന്നും നാവിലുണ്ടെന്ന് അദ്ദേഹം സ്മരിച്ചു. എന്നാൽ ഇത്തരം പ്രത്യേക വിഭവങ്ങൾ വരുംതലമുറക്ക് അല്ലെങ്കിൽ മക്കൾക്ക് പകർന്നുനൽകുന്നില്ല എന്ന പരാതിയാണ് താൻ പങ്കുവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ പരാമർശത്തിൽ എവിടെയാണ് സ്ത്രീവിരുദ്ധതയുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ‘മക്കൾക്ക് പകർന്നുനൽകണം’ എന്ന് പറയുമ്പോൾ അത് പെൺമക്കൾ മാത്രമാണെന്ന് എവിടെയാണ് അടയാളപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മക്കൾക്ക് അത് പകർന്നുനൽകുന്നില്ല എന്നതിനൊപ്പം, വീട്ടിലേക്ക് പുതുതായി വരുന്ന മകന്റെ ഭാര്യക്കെങ്കിലും ഇത്തരം ഭക്ഷണത്തിന്റെ പ്രത്യേകതകൾ പകർന്നുനൽകാൻ കഴിയണം എന്നാണ് താൻ പറഞ്ഞത്. മക്കൾക്ക് എന്ന് പറയുമ്പോൾ അതിൽ എല്ലാവരും ഉൾപ്പെടുമെന്നും ഇതിൽ സ്ത്രീവിരുദ്ധത കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യഥാർഥ വിഷ്വലുകൾ കാണാതെയും കാര്യങ്ങൾ പഠിക്കാതെയും പലരും വാർത്തകൾ നൽകുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിലർ കൗശലത്തോടു കൂടി ഇത്തരം കാര്യങ്ങളിൽ സ്ത്രീവിരുദ്ധത തിരയുകയാണ്. ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ച് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "മക്കൾക്ക് അത് പകർന്നുനൽകണം" എന്ന തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഒച്ചവെച്ചതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. താൻ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നാണ് സംസാരിക്കുന്നതെന്നും ഇതിനു മുൻപ് ഒരു മുഖ്യമന്ത്രിയും ഓരോ ചോദ്യത്തിനും ഇത്തരത്തിൽ മറുപടി പറയാൻ ഇരുന്നുതന്നിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.