മുഖ്യമന്ത്രിയുടേത് പാഴ്വാക്ക്: പൗരത്വ സമരക്കാർക്ക് വീണ്ടും സമൻസ്

കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ വിവാദ എൻ.ആർ.സി, സി.എ.എ നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയ​ന്റെ വാഗദാനം പാഴ്വാക്കാകുന്നു. 2019 ൽ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിന് സാംസ്‌കാരിക പ്രവർത്തകർക്കും സമസത നേതാവടക്കം നിരവധി പൊതുപ്രവർത്തകർക്കും വീണ്ടും സമൻസ് ലഭിച്ചു.

ഗുരുതര അക്രമം നടന്നത് ഒഴികെയുള്ള കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ശേഷവും കേസ് നടപടികൾ തുടരുകയാണ്. 2019 ഡിസംബർ 17 ന് കോഴിക്കോട് മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ പ്രതിഷേധിച്ചതിനാണ് കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. സമസ്ത നേതാവ് നാസർഫൈസി കൂടത്തായി, രാഷ്ട്രീയ നേതാക്കളായ ഹമീദ് വാണിയമ്പലം, കെ. അംബുജാക്ഷൻ, അഷ്‌റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ എന്നിവർക്ക് നോട്ടീസ് ലഭിച്ചു.

നിയമോപദേശത്തിന് ശേഷം കോടതിയിൽ ഹാജരാകമെന്ന നിലപാടിലാണ് നേതാക്കൾ. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ടെടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും കേസിലുൾപ്പെട്ടവർ ആലോചിക്കുന്നുണ്ട്. വെൽഫയർ പാർട്ടി ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, എഴുത്തുകാരും സാമൂഹിക പ്രവർത്തകരുമായ ജെ. ദേവിക, എൻ.പി ചെക്കുട്ടി, കെ.കെ. ബാബുരാജ് തുടങ്ങിയവരുടെയും പേരുകൾ എഫ്.ഐ.ആറിലുണ്ട്.

കഴിഞ്ഞ മാസം 12ന് നടക്കാവ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച കേസ് അവസാനമായി രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 856 കേസുകളാണ് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതിൽ 36 കേസുകൾ മാത്രമാണ് പിൻവലിച്ചത്.

Tags:    
News Summary - CM Pinarayi vijayan's promise not fulfilled: Anti-CAA Activist Summoned by Kerala Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.