വാർത്താസമ്മേളനത്തിൽ നിന്ന് മാധ്യമ പ്രവർത്തകനെ ഇറക്കിവിടുമെന്ന ഭീഷണി ആദ്യം; പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ നിന്ന് മാധ്യമപ്രവർത്തകനെ ഇറക്കിവിടുമെന്ന ഭീഷണി സംസ്ഥാനത്ത് ആദ്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സാധരണ ഒരു സംഭവം ഉണ്ടാകുമ്പോൾ സംസാരിക്കുന്ന ആളുകളുടെ ഇഷ്ടത്തിനനുസരിച്ച​ല്ലല്ലോ മാധ്യമങ്ങൾ ചോദിക്കുക. അങ്ങനെ ചോദിച്ചപ്പോൾ ഉണ്ടായ മറുപടി ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു പത്ര സമ്മേളനത്തിൽ പങ്കെടുത്തയാളെ ഇറക്കിവിടുമെന്ന് ഭീഷണി സ്വരത്തിൽ പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ വികാരപരമായി സംസാരിക്കും. അതിനപ്പുറം മര്യാദക്കിരിക്കണം അല്ലെങ്കിൽ ഇറക്കിവിടും എന്നാണ് പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞത്. മാധ്യമങ്ങളെ ക്ഷണിച്ച് വരുത്തിയതല്ലേ. മാധ്യമങ്ങൾ ചോദിക്കുന്നതെല്ലാം എനിക്ക് സുഖിക്കുന്നതാകുമോ. അതിന് മറുപടി പറയാൻ സ്വാഭാവികമായി ബാധ്യസ്ഥനാണല്ലോ. ചിലപ്പോൾ മറുപടി പറയാതയുമിരിക്കാം. അതിനപ്പുറം ആ ചോദ്യം ചോദിച്ചയാളോട് ഇങ്ങനെയാണോ പറയേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

പ്രതിപക്ഷ നേതാവ് പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങളെ ഭയപ്പെടുന്നു. നിയമസഭയിൽ മറുപടിയെയും ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാപ്പരത്തവും ഉദ്ദേശ്യശുദ്ധിയില്ലായ്മയും പ്രതിപക്ഷത്തിനും പ്രത്യേകിച്ച് കോൺഗ്രസിനും വന്നു ചേർന്നിട്ടുണ്ട്.

എം.പി ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം സബന്ധിച്ച് പുറത്ത് വന്നതും കോൺഗ്രസിന്റെ കുത്സിത ശ്രമങ്ങളാണ്. എസ്.എഫ്.ഐ അക്രമത്തിനു ശേഷം മാധ്യമങ്ങൾ അവിടെപോയി ചിത്രീകരിച്ച ദൃശ്യങ്ങളിൽ ചുമരിൽ ഗാന്ധിജിയുടെ ചിത്രമുണ്ട്. പിന്നെ അതിനകത്ത് എസ്.എഫ്.ഐയോ മാധ്യമക്കാരോ കയറിയിട്ടില്ല. ആരുടെ കുബുദ്ധിയിൽ നിന്നാണ് ഈ ആശയമുണ്ടായത്. ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ. ഗോഡ്സെ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി ഇവർ ചെയ്യുകയല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.  

Tags:    
News Summary - CM Pinarayi Vijayan about Press meet done by VD satheesan on Rahul Gandhi Office Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.