തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്കാൻ സാധ്യത തേടുമെന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡൻറിെൻറ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. ഇതിനെതുടർന്ന് ബോർഡ് തീരുമാനം തിരുത്തി. ഹരജി നൽകുന്നതിനെക്കുറിച്ച് ബോർഡ് ആലോചിച്ചിട്ടില്ലെന്നും സർക്കാറിനും ദേവസ്വത്തിനും ഒരേ നിലപാടാണെന്നും പ്രസിഡൻറ് എ. പത്മകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിങ്കളാഴ്ച ശബരിമല മുന്നൊരുക്കം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ചത്.
പത്മകുമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഞായറാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്കുശേഷമാണ്, ആചാരം അറിയാവുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും പുനഃപരിശോധന ഹരജിയുടെ സാധ്യത തേടുമെന്നും പത്മകുമാര്‍ പറഞ്ഞത്.
താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഹരജി നല്‍കുന്നകാര്യം പത്മകുമാർ പറഞ്ഞിരുന്നില്ലെന്ന് ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, കെ. രാഘവന് എന്നിവരോട് മുഖ്യമന്ത്രി പറഞ്ഞു. തെൻറ സമ്മതത്തോടെയാണ് പുനഃപരിശോധന ഹരജി നൽകാൻ പോകുന്നതെന്ന തോന്നല്‍ പ്രസിഡൻറിെൻറ പ്രതികരണത്തിലൂടെ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാറിെൻറയും സി.പി.എമ്മിെൻറയും നിലപാടുകൾക്ക് വിരുദ്ധമായിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻറിെൻറ പ്രസ്താവന.
ഇൗ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അതൃപ്തി തുറന്നുപറഞ്ഞത്. മുൻ നിലപാടിൽനിന്ന് മലക്കംമറിഞ്ഞ പത്മകുമാർ, തന്നെ ശാസിക്കാനും തിരുത്താനുമുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ടെന്ന് പറഞ്ഞു. സുപ്രീംകോടതി വിധിപ്രകാരം ഭക്തജനങ്ങൾക്ക് എല്ലാ സൗകര്യവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് നടപടികൾ അറിയിക്കണമെന്ന് ഹൈകോടതി
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് ഹൈകോടതി. എന്തെല്ലാം കാര്യങ്ങളാണ് ശബരിമലയിൽ ഉദ്ദേശിക്കുന്നതെന്ന് ബോർഡിനോട് ആരാഞ്ഞ കോടതി, ഒരാഴ്ചക്കകം വിശദീകരണം നൽകാൻ നിർദേശിച്ചു.
മണ്ഡലകാലത്തിന് മുമ്പ് ശബരിമലയില്‍ നടത്തുന്ന മരാമത്തുപണി സംബന്ധിച്ച സ്പെഷല്‍ കമീഷണറുടെ റിപ്പോർട്ട് പരിഗണിക്കുമ്പോഴാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലെ പ്രളയം സംബന്ധിച്ച സ്പെഷല്‍ കമീഷണര്‍ റിപ്പോര്‍ട്ടില്‍ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍കമ്മിറ്റി രൂപവത്കരിക്കാൻ ശിപാര്‍ശയുണ്ടായിരുന്നു.
പുതിയ സാഹചര്യത്തില്‍ ഈ കമ്മിറ്റിയില്‍ ഐ.ജിയുടെയോ എസ്.പിയുടെയോ റാങ്കിലുള്ള ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത് കാലഘട്ടത്തിെൻറ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത ദിവസം വീണ്ടും പരിഗണിക്കാൻ മാറ്റി.
പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളിലെ അറ്റകുറ്റ-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നാണ് റിപ്പോർട്ട് പറയുന്നത്. മകരവിളക്ക് ഉത്സവം അടുത്തമാസം 11നാണ് തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.