മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് തെറ്റ്; അതിതീവ്രമഴ മുൻകൂട്ടി അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ആഞ്ഞടിച്ച തീവ്രമഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന് വീഴ്ച സംഭവിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ വാദം തെറ്റ്. ആഗസ്റ്റ് 12ന് തന്നെ അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പിനെതുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.
പ്രളയക്കെടുതികൾ വിലയിരുത്താൻ വ്യാഴാഴ്ച ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് ആഗസ്റ്റ് മാസത്തിൽ അതിതീവ്ര മഴയെക്കുറിച്ച് കേന്ദ്രം യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടതോടെ 14ന് തിരുവനന്തപുരത്തെ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ ഓഫിസിൽനിന്ന് ഫോണിൽ വിളിച്ച് തീവ്രമഴ അറിയിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി തിരുത്തി.
എന്നാൽ, 12ന് ഉച്ചക്ക് ഒരുമണിക്കുതന്നെ സംസ്ഥാനത്ത് അതിതീവ്രമഴ (20 സെ.മീറ്റർ മുകളിൽ) കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിൽ വ്യക്തമാണ്. 12ന് ഉച്ചക്ക് 2.06ന് അതോറിറ്റിയുടെ ഫേസ്ബുക്ക് പേജിൽ തീവ്രമഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി ജില്ലകളിൽ ആഗസ്റ്റ് 14 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇടുക്കി, വയനാട് ജില്ലകളിൽ 12 മുതൽ 14 വരെയും കണ്ണൂരിൽ 13വരെയും അതിതീവ്രമഴക്ക് സാധ്യതയുള്ള ജില്ലതിരിച്ചുള്ള റിപ്പോർട്ടുമുണ്ട്. അതിശക്തമായ മഴ (11 മുതൽ 20 സെ.മീറ്റർ വരെ ) മുന്നിൽ കണ്ട് എട്ട് ജില്ലകളിൽ റെഡ് അലർട്ടും ഇതിൽ നൽകിയിരുന്നു.
കാലാവസ്ഥ വകുപ്പിന് അതിശക്തമായ മഴ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറ്റൊരു വാദം. എന്നാൽ, ആഗസ്റ്റ് എട്ടു മുതൽതന്നെ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാണിച്ച് മുന്നറിയിപ്പ് ലഭിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ രേഖകൾ തെളിയിക്കുന്നു. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, ഗതാഗതനിയന്ത്രണം അടക്കമുള്ള മുന്നറിയിപ്പുകൾ എട്ടുമുതൽതന്നെ അതോറിറ്റി നൽകിയിരുന്നു
എട്ടിനും ഒമ്പതിനും മഴ ശക്തമാകുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്കിയിരുന്നതായും 14,15 ദിവസങ്ങളില് പ്രത്യേക ബുള്ളറ്റിന് ഇറക്കിയതായും സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. മഴ ശക്തമായ ജില്ലകളിലെല്ലാം നേരത്തേതന്നെ റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരുന്നു. ജില്ല തിരിച്ച് കൃത്യമായ പ്രവചനമാണ് നല്കിയത്.
എല്ലാത്തിനും രേഖകളുണ്ട്. മറിച്ചുള്ള പ്രചാരണങ്ങള് ശരിയല്ലെന്നും ഡയറക്ടര് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാദങ്ങളെ ഖണ്ഡിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ശനിയാഴ്ച വൈകുന്നേരത്തോടെ പത്രക്കുറിപ്പും ഇറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.