ആന്‍റോ ആന്‍റണി (കോൺഗ്രസ്) തോമസ് ഐസക് (സി.പി.എം) അനിൽ കെ ആന്‍റണി

(ബി.ജെ.പി)

ക്ലാസിക് പോര്: ഇടതോ വലതോ?

ഇടതൂർന്ന വനമേഖലയിൽ മലനാടും ഇടനാടും അപ്പർകുട്ടനാടും ചേർന്നൊരു ഭൂവിഭാഗമായ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന് പ്രായം 15. പ്രാദേശിക പ്രശ്നങ്ങൾ മുതൽ ഗോളാന്തരീയ വിഷയങ്ങൾ സ്വാധീനിക്കപ്പെടുന്ന മധ്യതിരുവിതാംകൂർ ജനതയാണിവിടെ.

ഇടുക്കി, അടൂർ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലായി ചിതറി കിടന്നിരുന്ന സമയത്ത്​ വലത്​ വിട്ടൊന്ന്​ ചിന്തിക്കാതിരുന്നവർ സ്വന്തം മേൽവിലാസമായ പത്തനംതിട്ട മണ്ഡലം ജനിച്ചതിന്‍റെ 15 വയസ്സിനിടക്ക്​ നിഗമനങ്ങൾ അപ്രാപ്യമാക്കുന്ന തീരുമാനങ്ങളിലൂടെ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു.

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഏഴ്​ നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ്​ പത്തനംതിട്ട ലോക്സഭാ മണ്ഡലം. വിവാദങ്ങളിൽ നിന്ന്​ മാറി നിൽക്കാൻ ആഗ്രഹിച്ച പത്തനംതിട്ട മണ്ഡലത്തിൽ കഴിഞ്ഞ രണ്ട്​ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത്​ സംസ്ഥാനമാകെ ചൂട്​ പിടിച്ച വിഷയങ്ങൾ കേ​​​ന്ദ്രീകരിക്കപ്പെട്ടു. ആറന്മുള വിമാനത്താവളവും ശബരിമലയുമെല്ലാം ഓരോ ഘട്ടങ്ങളിലും ​പത്തനംതിട്ട​യെ വാനിൽ കത്തിച്ചു നിർത്തി.

പത്ത്​ വർഷത്തിനിടെ, വലതുകോട്ടയിൽ കാര്യമായ നിറംവിത്യാസം കണ്ടുതുടങ്ങിയിട്ടുണ്ട്. മൂന്ന് എം.എൽ.എമാർ യു.ഡി.എഫിനും നാലുപേർ എൽ.ഡി.എഫിനും ഉണ്ടായിരുന്നിടത്തു നിന്ന് മണ്ഡലം ഇടത്​ ആധിപത്യത്തിലേക്ക്​ എത്തിയിട്ടുണ്ട്​. കേരളാ കോൺഗ്രസ്​ മാണി വിഭാഗം കൂട്​ മാറി എത്തിയതോടെ 2021 ലെ തെരഞ്ഞെടുപ്പിൽ ഏഴ്​ നിയമ സഭാ മണ്ഡലങ്ങളും എൽ.ഡി.എഫ്​ കീഴടക്കി​. ഒരു കാലത്ത്​ യു.ഡി.എഫിന്‍റെ ഉറച്ച മണ്ഡലാമായിരുന്ന ജില്ലയിൽ അവരുടെ ശക്​തി കേന്ദ്രമായി തുടരുന്നത്​ ലോക്സഭാ മണ്ഡലം മാത്രമാണ്​.

ഇതൊക്കെ ചർച്ചയാകും

പ്രവാസികൾ കൂടുതലുള്ള ജില്ല, തീർത്ഥാടനങ്ങളുടെ തലസ്ഥാനം, കർഷകരുടെ നാട് എന്നിങ്ങനെ സവിശേതകൾ ഏ​റെയുണ്ട്​ ഇൗ മലയോര മണ്ഡലത്തിന്. ആഗോള സമ്പദ്​ വ്യവസ്ഥയുടെ ചെറുപതിപ്പായ മണ്ഡലത്തിൽ ഹൈടെക്​ ബാങ്ക്​ ശാഖകൾ ഗ്രാമങ്ങളുടെ ഐ​ശ്വര്യമാണ്​. നാഥനില്ലാതെ കിടക്കുന്ന കോടികളുടെ സമ്പാദ്യങ്ങൾക്ക്​ മ​ുന്നിൽ നിസാഹായരായി നിൽക്കുകയാണ്​ ബാങ്കുകൾ.

രണ്ടാൾ കൂടുന്നിടത്തൊക്കെ തലമുറ വ്യത്യാസമില്ലാത്ത ചർച്ച സമ്പദ്​ വ്യവസ്ഥ പച്ചപിടിക്കുന്ന ഏതു രാജ്യത്തിന്‍റെയും സാധ്യതകളാണ്​. അമേരിക്കയിലേക്കും യൂറോപ്പി​ലേക്കുള്ള കുടിയേറ്റവും കുടിയേറ്റ പ്രശ്​നങ്ങ​ളും വിദേശ വിദ്യാഭ്യാസത്തിന്‍റെ സാധ്യതകളും നഴ്​സുമാരുടെ വേതനവും ഇവിടെ ദേശീയ പ്രശ്​നം തന്നെയാണ്​.

ലോകത്തിന്‍റ ചെറുപതിപ്പാണെങ്കിലും ഒരു നഗരമായി പോലും വികസിക്കാൻ കഴിയാത്ത ജില്ലാ ആസ്ഥാനത്തേക്ക്​​ ഇന്നും ഗതാഗത സൗകര്യം കുറവാണ്​. തിരുവല്ല, പന്തളം, അടൂർ വഴി കടന്നു​േഒപാകുന്നഎം.സി റോഡാണ്​ പ്രധാനം. ഏക റെയിൽവെ സ്​റ്റേഷനായ തിരുവല്ലയിൽ​ ഇനിയും സ്​റ്റോപ്പുകളില്ലാത്ത നിരവധി ട്രയിനുകളുണ്ട്​.

ഭൂമി ശാസ്ത്രപരമായി പത്തനംതിട്ടയോട്​ ചേർന്ന്​ കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരാണ്​ ശബരിമല തീർത്രഥാടകൾ ഉൾ​െപ്പെടെയുള്ളവരും ആശ്രയം. വൈകിട്ട്​ ആറുമണി കഴിഞ്ഞാൽ ജില്ലാ ആസ്ഥാനത്തേക്ക്​ പോലും എത്തിപ്പെടാനുള്ള പൊതു ഗതാഗത സൗകാര്യങ്ങൾ പരിമിതമാണ്​.

അതുകൊണ്ടുതന്നെ, ജില്ലയിലുടെ കടന്നുപോകുന്ന പുനലൂർ- മൂവാറ്റുപുഴ സംസ്​ഥാന പാതയും ഗ്രീൻ ഫീൽഡ്​ ഹൈവെയും ചെങ്ങന്നൂർ- പമ്പ തീരദേശ റെയിൽ പാതയും ഇനിയും വിട്ടൊഴിയാത്ത സിൽവർ ലൈനും ഇതുമായി ബന്ധപ്പെട്ട ഭൂ വിഷയങ്ങളും വോട്ട്​ പെട്ടിയിൽ പ്രതിഫലിക്കും.

പോരാട്ടം ഇങ്ങനെ

ഹാട്രിക്ക്​ തികച്ച്​ സിറ്റിങ്​ എം.പിയായ ആന്‍റോ ആന്‍റണി നാലാം അങ്കത്തിന്​ ഇറങ്ങിയ​പ്പോൾ അക്ഷമരായി കാത്തിരുന്ന യു.ഡി.എഫ്​ ക്യാമ്പ്​ പകൽ ചൂടിനെയും അവഗണിച്ച്​ സജീവമാണ്​. മണ്ഡലത്തിന്‍റെ മുക്കുമൂലകൾ അറിയാവുന്ന ആന്‍റോ ബന്ധങ്ങളൊക്കെ പുതുക്കുന്ന തിരക്കിലാണ്​.

മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻമന്ത്രിയുമായ തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കുന്നത്. ‌ലോക്സഭയിലേക്ക് തോമസ് ഐസക്കിന്‍റെ കന്നി അങ്കവുമാണ്. സിപിഎം ജില്ലാ ഘടകത്തിന്‍റെ ചുമതലയുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ പാർട്ടി സംസ്ഥാന സമ്മേളനത്തിന്​ശേഷം ഒന്നര വർഷമായി പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ സജീവമായിരുന്നു.

തിരുവല്ലയിൽ എകെജി പഠനകേന്ദ്രത്തിന്‍റെ ചുമതലയിൽ ജനുവരി മധ്യത്തോടെ സംഘടിപ്പിച്ച മൈഗ്രൈഷൻ കോൺക്ലേവിലൂടെ പ്രവാസികളിലേക്കും അതുവഴി ഐസക് പ്രചാരണരംഗത്തേക്കും കടന്നിരുന്നു. ഇതിനു തുടർച്ചയായി നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ജോബ് സ്റ്റേഷനുകളും തുറന്നു.

സർപ്രൈസ്​ സ്ഥാനാർഥിയായി എൻ.ഡി.എ എത്തിച്ച അനിൽ കെ ആന്‍റണിക്ക്​ വേണ്ടിയാണ്​ പ്രധാനമന്ത്രി നേരിട്ട്​ ഓടി എത്തിയത്​. എ.കെ ആന്‍റണിയുടെ മകനെന്ന നിലയിൽ വലിയ പ്രാധാന്യമാണ്​ ബി.ജെ.പി ദേശീയ നേതൃത്വംനൽകുന്നത്​. അനിലിന്​ എതിരെ ബി.ജെ.പിയിൽ ഉയർന്ന എതിർപ്പുകളെ വകവെക്കുന്നില്ലെന്ന സ​ന്ദേശം കൂടി സമ്മേളനത്തിലൂടെ മോദി കേരള നേതൃത്വത്തിന്​ നൽകി കഴിഞ്ഞു. 

Tags:    
News Summary - Classic War- Left or Right

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.