കാസർകോട്: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ കാസർകോട്ട് തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ കുഴഞ്ഞുവീഴുകയും വൻ ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്ത സംഭവത്തിൽ സംഘാടകർക്കെതിരെ കേസ്. നാല് സംഘാടകർക്കും ഒരു കമ്മിറ്റി അംഗത്തിനുമെതിരെയാണ് കേസ്. ഷഹ്സമാൻ, നവാലുർറഹ്മാൻ, ഹാരിസ് അബൂബക്കർ, ഖാലിദ് ഇ.എം, ജുവൈദ് എന്നീ അഞ്ചുപേർക്കെതിരെയാണ് കേസ്.
5000 പേരെ സംഗീത പരിപാടിക്ക് പ്രവേശിപ്പിക്കാൻ അനുമതി തേടി സംഘാടകർ അപേക്ഷ നൽകിയിരുന്നു. പക്ഷേ, 3000 പേർക്ക് മാത്രമാണ് അനുമതി നൽകിയത്. എന്നാൽ ഇത് വകവെക്കാതെ പതിനായിരത്തോളം പേരെ ടിക്കറ്റ് നൽകി അകത്ത് പ്രവേശിപ്പിച്ചു. ഇതിന് പുറമെ നൂറകണക്കിന് പേർ പ്രവേശന കവാടത്തിന് പുറത്ത് തടിച്ചുകൂടുകയും ചെയ്തു. ഇതോടെ കാര്യങ്ങൾ നിയന്ത്രാണാതീതമായി. തിക്കുതിരക്കും ഉണ്ടാകുകയും മുന്നിലെ പ്രധാന റോഡ് അടക്കം ഗതാഗതക്കുരുക്കിലാകുകയും ചെയ്തു. നഗരത്തിലടക്കം വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. തുടർന്ന് ജില്ല പൊലീസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡി തന്നെ വേദിയിലെത്തി പരിപാടി നിർത്തിവെക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
തിക്കിലും തിരക്കിലുംപെട്ട് കുഴഞ്ഞുവീഴുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്ത 16 പേരാണ് ചികിത്സയിലുള്ളത്. ഇവർ ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം തുടരുകയാണ്.
കാസർകോട് ഫ്ലീ എക്സിബിഷന്‍റെ അവസാന ദിവസമാണ് ഹനാൻ ഷായുടെ സംഗീത പരിപാടി സംഘടിപ്പിച്ചത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ചെറിയ ഗ്രൗണ്ടിലായിരുന്നു പരിപാടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. ഓടി വീണും മറ്റും നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പൊലീസ് ആളുകളെ വിരട്ടിയോടിക്കുന്നതും പൊലീസ് കുറ്റിക്കാട്ടിലേക്ക് വീഴുന്നതുമായ ദൃശ്യങ്ങളെല്ലാം ഇന്നലെ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.