സി.കെ. പദ്മനാഭന് സ്വന്തം പഞ്ചായത്ത് കമ്മിറ്റിയുടെ താക്കീത്

കണ്ണൂര്‍: ചെഗുവേരയെ വാഴ്ത്തുകയും എം.ടിയെയും കമലിനെയും വിമര്‍ശിക്കുന്ന സംഘ്പരിവാര്‍ നയത്തെ തള്ളിപ്പറയുകയും ചെയ്ത സി.കെ. പദ്മനാഭനെ താക്കീതുചെയ്യുന്ന പ്രമേയവുമായി അദ്ദേഹത്തിന്‍െറ സ്വദേശമായ അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. കൈരളിക്കും ശിങ്കിടികള്‍ക്കും ആഘോഷമാക്കാനുള്ള ആയുധമാണ് പദ്മനാഭന്‍ നല്‍കിയതെന്നാണ് കമ്മിറ്റിയുടെ ആക്ഷേപം.

സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ ആരാണ് പറഞ്ഞതെന്ന് പ്രമേയത്തില്‍ പദ്മനാഭനോട് ചോദിക്കുന്നു. ദേശീയതയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കണോയെന്ന ശങ്കയുള്ള വ്യക്തിയാണ് കമല്‍. അത്തരക്കാര്‍ രാജ്യം വിടുന്നതാണ് നല്ലത് എന്നേ എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞിട്ടുള്ളൂ. അറിഞ്ഞോ അറിയാതെയോ താങ്കളും ഇത് മറ്റുള്ളവര്‍ക്ക് ആയുധമായി ദുര്‍വ്യാഖ്യാനിച്ചുവെന്ന് കമ്മിറ്റി കുറ്റപ്പെടുത്തുന്നു. എം.ടി. വാസുദേവന്‍ നായര്‍ സാഹിത്യരംഗത്ത് ഹിമാലയമാണെങ്കിലും രാഷ്ട്രീയരംഗത്ത് മൊട്ടക്കുന്നാണ്. ചെഗുവേരയെയും ഗാന്ധിയെയും താരതമ്യം ചെയ്യുന്നത് പകലിനെ രാത്രിയോട് താരതമ്യം ചെയ്യുംപോലെയാണ്. അന്ധന്‍ ആനയെ കണ്ട അതേ അവസ്ഥയായിപ്പോയി താങ്കളുടേത് -പ്രമേയം ചൂണ്ടിക്കാട്ടി.

ഭൂതകാലത്തിന്‍െറ സ്മരണകള്‍ വേട്ടയാടുന്നതുകൊണ്ടാണോ താങ്കളില്‍നിന്ന് ഭ്രാന്തന്‍ ജല്‍പനങ്ങളും ശൂന്യതയോടെയുള്ള പ്രതികരണങ്ങളും ഉണ്ടാകുന്നതെന്ന സംശയം ബാക്കിയുണ്ടെന്നും പ്രമേയത്തില്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍െറ ഗതി ബി.ജെ.പിയുടെ മുന്‍ അധ്യക്ഷന് ഒരിക്കലും ഉണ്ടാവില്ല എന്നതാണ് താങ്കള്‍ക്ക് നല്‍കാന്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ഉറപ്പ് എന്നും ദീര്‍ഘമേറിയ പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സി.കെ. പദ്മനാഭന്‍െറ അഭിപ്രായം സ്വാഗതാര്‍ഹം -കോടിയേരി
കൊല്ലം: സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനും ചെഗുവേരക്കും എതിരായ ബി.ജെ.പി, ആര്‍.എസ്.എസ് അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ രംഗത്തുവന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പദ്മനാഭന്‍െറ അഭിപ്രായം സ്വാഗതാര്‍ഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എം.ടിക്കും കമലിനും ചെഗുവേരക്കും എതിരായ പരാമര്‍ശങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്ക് പോലും അംഗീകരിക്കാനാകുന്നില്ല എന്നതിന്‍െറ തെളിവാണ് സി.കെ. പദ്മനാഭന്‍െറ അഭിപ്രായം. ബി.ജെ.പിയില്‍നിന്ന് ഇനിയും ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു. പാരിപ്പള്ളി ക്വയിലോണ്‍ ഫുഡ്സ് കശുവണ്ടി ഫാക്ടറിക്ക് മുന്നിലെ കാഷ്യൂ വര്‍ക്കേഴ്സ് സെന്‍റര്‍ സമരകേന്ദ്രം സന്ദര്‍ശിക്കാനത്തെിയ കോടിയേരി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

ആര്‍.എസ്.എസുകാരായ ബി.ജെ.പി നേതാക്കള്‍ എം.ടിക്കും കമലിനുമെതിരെ തുടര്‍ച്ചയായി ആക്രോശം ഉയര്‍ത്തുകയാണ്. എം.ടിക്കും കമലിനുമെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനില്‍നിന്ന് പരസ്യ ഭീഷണിയാണുണ്ടായത്. ജ്ഞാനപീഠ ജേതാവ് എം.ടിയോട് നാവടക്കാനാണ് പറഞ്ഞത്. മോദിക്കെതിരെ സംസാരിച്ചാല്‍ നാവരിയും എന്ന വിധത്തിലാണ് പ്രതികരണം. ആര്‍.എസ്.എസ് നേതാക്കളുടെ കഴിഞ്ഞ ദിവസങ്ങളിലെ പ്രകോപനപരമായ പ്രസ്താവനകളെ തള്ളിപ്പറയാന്‍ ബി.ജെ.പി നേതൃത്വം തയാറായിട്ടില്ല. കള്ളപ്പണത്തിനെതിരെ ബി.ജെ.പി നടത്തിയ ജാഥ മല എലിയെ പ്രസവിച്ചതുപോലെ അവസാനിച്ചു. നോട്ട് നിരോധനത്തെക്കുറിച്ച് ഒരക്ഷരം പറയാന്‍ കഴിയാത്തതിലുള്ള ജാള്യത മറയ്ക്കാനാണ് സാഹിത്യകാരന്മാരെ ആക്ഷേപിക്കുന്നത്. ലോകം ആദരിക്കുന്ന ക്യൂബന്‍ വിപ്ളവ നേതാവ് ചെഗുവേരയുടെ ചിത്രം എടുത്തുമാറ്റണമെന്നാണ് ആര്‍.എസ്.എസ് ഭീഷണി. ചെഗുവേര ആരെന്നു പോലും അറിയാതെയുള്ള ആര്‍.എസ്.എസ് പ്രതികരണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കലാണെന്നും കോടിയേരി പറഞ്ഞു. 

Tags:    
News Summary - ck padmanabhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.