സി.കെ. ജാനുവിന് പണം നൽകിയത് ആർ.എസ്.എസ് അറിവോടെ; കെ. സുരേന്ദ്രനും പ്രസീദ അഴീകോടും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

കോഴിക്കോട്: ജെ.ആർ.പി നേതാവ് സി.കെ. ജാനുവിന് ബി.ജെ.പി പണം നൽകിയത് ആർ.എസ്.എസ് അറിവോടെയെന്ന് ശബ്ദരേഖ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ജെ.ആർ.പി ട്രഷറർ പ്രസീദ അഴീകോടും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്. 1 മിനിറ്റ് 21 സെക്കൻഡും ദൈർഘ്യമുള്ള സംഭാഷണമാണ് പ്രസീദ അഴീക്കോട് പുറത്തുവിട്ടത്.

പണം ഏർപ്പാട് ചെയ്തത് ആർ.എസ്.എസ് ഒാർഗനൈസിങ് സെക്രട്ടറി എം. ഗണേഷനാണെന്ന് കെ. സുരേന്ദ്രൻ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. ജെ.ആർ.പിക്കുള്ള 25 ലക്ഷമാണ് കൈമാറുന്നതെന്നും സംഭാഷണത്തിൽ സുരേന്ദ്രൻ വിവരിക്കുന്നുണ്ടെന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്തു.

"ഗണേഷ് വിളിച്ചിട്ട് സി.കെ. ജാനു തിരിച്ചു വിളിച്ചില്ലേ... ഞാന്‍ ഇന്നലെ തന്നെ അത് വിളിച്ച് ഏര്‍പ്പാടാക്കിയിരുന്നു. എങ്ങനെയാണ്, എവിടെയാണ് എത്തേണ്ടത്, എങ്ങനെയാണ് വാങ്ങിക്കുന്നത് എന്ന് ചോദിക്കാന്‍ വേണ്ടിയായിരിക്കും അദ്ദേഹം വിളിച്ചിട്ടുണ്ടാകുക. 25 തരാന്‍ പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ ആവശ്യത്തിന്. അത് മനസിലായല്ലോ. അതായത് നിങ്ങളുടെ പാര്‍ട്ടിയുടെ ആവശ്യത്തിന് വേണ്ടി 25 തരാന്‍ ഗണേശ് ജിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതു തരും.

ബാക്കി കാര്യങ്ങള്‍ അവിടത്തെ മണ്ഡലം പാര്‍ട്ടിക്കാരാണ് ചെയ്യുന്നത്. നിങ്ങളുടെ പാര്‍ട്ടിക്കാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക. സി.കെ. ജാനുവിനോട് തിരിച്ചു വിളിക്കാന്‍ പറയൂ... ഗണേശ് ജി വിളിച്ചപ്പോൾ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നു. ഗണേശ് ജി ആരാണെന്ന് അവര്‍ക്ക് മനസിലായില്ലേ. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് അദ്ദേഹം, എനിക്ക് അങ്ങനത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റില്ല. ഏത്" -കെ. സുരേന്ദ്രന്‍റെ പുറത്തുവന്ന ഫോൺ സംഭാഷണം.

സുൽത്താൻ ബത്തേരിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സി.കെ. ജാനു അടക്കമുള്ളവരുടെ നേതൃത്വത്തിൽ ജെ.ആർ.പിയാണ് സംഘടിപ്പിച്ചിരുന്നത്. ജെ.ആർ.പി പ്രചാരണ ചെലവുകൾക്കായി പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മഞ്ചേശ്വരത്തെത്തി കെ. സുരേന്ദ്രനുമായി ജെ.ആർ.പി നേതാക്കൾ നേരിട്ട് സംസാരിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് എം. ഗണേഷൻ വഴി സുൽത്താൻ ബത്തേരിയിൽ പണം എത്തിച്ച് കൊടുക്കുന്നതെന്നും പ്രസീദ മൊഴി നൽകിയിട്ടുണ്ട്.

മാർച്ച് 26ന് മണിമല ഹോം റെസിഡൻസ് എന്ന ബത്തേരിയിലെ ഹോം സ്റ്റേയിൽ വെച്ച് ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയൽ ആണ് സി.കെ. ജാനുവിന് പണം കൈമാറിയത്. പൂജ സാധനങ്ങൾ എന്ന് തോന്നിക്കുന്ന തരത്തിൽ കാവി തുണിയിൽ പൊതിഞ്ഞാണ് പണം എത്തിച്ചത്. ജെ.ആർ.പിക്ക് എന്ന് പറഞ്ഞാണ് ബി.ജെ.പി നേതൃത്വം ജാനുവിന് പണം കൈമാറി‍യത്. എന്നാൽ, ജാനു ഈ പണം ജെ.ആർ.പി നേതാക്കൾക്ക് നൽകിയില്ലെന്നാണ് പ്രസീദയുടെ മൊഴിയിൽ പറയുന്നത്.

Tags:    
News Summary - C.K. Janu was paid with the knowledge of the RSS; K. Surendran-Praseeda Azhikode Phone conversation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.