കോഴിക്കോട്: സമസ്ത നേതൃത്വവുമായി മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ സി.ഐ.സി സെനറ്റ് യോഗം അംഗീകരിച്ചതായി പ്രസിഡന്റ് സാദിഖലി തങ്ങൾ നൽകിയ കത്ത് സ്വാഗതാർഹമാണെന്ന് സമസ്ത മുശാവറ.
ഇതുസംബന്ധിച്ച സമസ്തയുടെ തീരുമാനവും പ്രഖ്യാപനവും നേതാക്കള്‍ വീണ്ടും കൂടിക്കാഴ്ച നടത്തിയശേഷം ഉണ്ടാവുമെന്ന് കോഴിക്കോട് ചേർന്ന മുശാവറ യോഗം വ്യക്തമാക്കി. തുടര്‍ നടപടികൾക്കായി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, എം.ടി. അബ്ദുല്ല മുസ്ലിയാര്, പി.പി. ഉമര്‍ മുസ്ലിയാര് കൊയ്യോട്, എ.വി. അബ്ദുറഹ്മാന് മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, പി.എം. അബ്ദുസ്സലാം ബാഖവി, വാക്കോട് മൊയ്തീന്‍കുട്ടി മുസ്ലിയാര് എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി.
അതേസമയം, പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് നേതാക്കള്‍ എടുത്ത തീരുമാനം അംഗീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത സി.ഐ.സി യോഗത്തില്‍ സമസ്തക്കെതിരെ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രമേയങ്ങള്‍ അവതരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് നേരത്തേ സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹക്കീം ഫൈസി ആദൃശ്ശേരി രാജിവെക്കുകയും സാങ്കേതിക വിഷയങ്ങള്‍ പരിഹരിച്ച് രാജി സ്വീകരിക്കുകയും ചെയ്തതായി സാദിഖലി തങ്ങള്‍ സമസ്തയെ അറിയിച്ചിരുന്നു. എന്നാല്‍, ഇതിനു വിരുദ്ധമായി സി.ഐ.സി സെനറ്റ് യോഗത്തില്‍ വീണ്ടും ഹക്കീം ഫൈസിയുടെ രാജി ചര്‍ച്ചക്ക് വെച്ചതിലൂടെ സാദിഖലി തങ്ങളെ അവഗണിച്ചതായും യോഗം വിലയിരുത്തി.
സമസ്ത നാഷനല്‍ എജുക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ ഈ അധ്യയന വര്‍ഷം ആരംഭിച്ച കോഴ്സുകള്‍ വിപുലപ്പെടുത്താനും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം സാധ്യമാക്കാനും യോഗം തീരുമാനിച്ചു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.