ചീങ്ങേരി ഫാം: മൂന്ന് വർഷത്തെ നഷ്​ടം 2.40 കോടി, പരിശോധനയിൽ കണ്ടെത്തിയത്​ ഞെട്ടിക്കുന്ന വിവരങ്ങൾ​

കൊച്ചി: കാർഷിക മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്തുന്ന സംസ്ഥാനത്ത് വയനാട് അമ്പലവയിലെ ചീങ്ങേരി ഫാമിൽ കഴിഞ്ഞ മൂന്ന് വർഷത്തെ നഷ്​ടം 2.40 കോടി. ഫാമിനുവേണ്ടി സർക്കാർ 2.68 കോടി ചെലവഴിച്ചപ്പോൾ ഇവിടെനിന്നുള്ള വരവ് 28 ലക്ഷം രൂപ മാത്രം. ഫാമിൽ 2017-18, 2018 -19, 2019- 20 വർഷങ്ങളിലെ വരവുചെലവു കണക്കുകൾ പരിശോധിച്ചതിൽ ഒരു വർഷത്തേക്ക് സർക്കാർ ചെലവഴിച്ച തുകയുടെ ഏതാണ്ട് 10 ശതമാനത്തോളമേ വരുമാനമായി ഫാമിൽനിന്ന് ലഭിക്കുന്നുള്ളൂ. ഫാമിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കെടുകാര്യസ്ഥതയാണ് ഇതിന്​ പിന്നിലെന്ന്​ ധനകാര്യ പരാശോധനാ വിഭാഗം കണ്ടെത്തി.

വർഷം     വരവ്     ചെലവ്

2017-18     9,77,227     94,53,595
2018-19     9,28,604     90,69,888
2019-20     9,69,204     82,89,954

പട്ടികവർഗ വകുപ്പിന്‍റെ ഈ ഫാമിൽ നടക്കുന്നത് തികഞ്ഞ തോന്ന്യാസമാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഫാമിന്‍റെ നടത്തിപ്പിൽ അടിമുടി അഴിമതിയും വെട്ടിപ്പും നടക്കുന്നുവെന്നും ചിലരുടെ ഒത്താശയോടെ ആദിവാസികളുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നതെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് അമ്പലവയൽ ചീങ്ങേരി എക്സ്റ്റഷൻ ടീം ഓഫിസിലും വയനാട് പ്രിൻസിപ്പൽ കൃഷി ഓഫിസിലും ധനകാര്യ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ നടുക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.

ആദിവാസികളുടെ പുനരധിവാസത്തിനാണ് ചീങ്ങേരി ഫാം തുടങ്ങിയത്. ഇവിടത്തെ ഭൂമി പ്രധാനമായും കരപ്രദേശവും കുറെഭാഗം വയലുമാണ്. കാപ്പി, കുരുമുളക്, സപ്പോട്ട, തെങ്ങ്, അവകാഡോ, കറുവാപ്പട്ട എന്നിവയാണ് ഫാമിലെ പ്രധാന കൃഷികൾ. ഫാമിലെ ഉൽപ്പന്നങ്ങളുടെ സംരക്ഷണത്തിനായി കൃഷിഭൂമിക്ക് സുരക്ഷിതമായ വേലിയോ മതിലോ കെട്ടി അതിർത്തി സംരക്ഷിക്കപ്പെടാതെ കിടക്കുന്നു. പുറത്തുനിന്ന് ആർക്കും കയറിയിറങ്ങി നടക്കാവുന്ന അവസ്ഥയാണ്​.

സപ്പോട്ട കൃഷി ചെയ്യുന്ന സ്ഥലം പരിശോധിച്ചതിൽ, അതിനുചുറ്റുമുള്ള താൽക്കാലികമായ മുള്ളുവേലി നിരവധി സ്ഥലങ്ങളിൽ തകർന്നിട്ടുണ്ട്. അവിടങ്ങളിലെല്ലാം സപ്പോട്ട തോട്ടത്തിലേക്ക് നടവഴിയുണ്ട്. സപ്പോട്ട വിളവ് പൂർണമായും ഫാമിലേക്ക് ലഭിക്കുന്നില്ല. നല്ലൊരുഭാഗം മോഷണം പോകുന്നുണ്ടെന്നും ഇതിൽനിന്ന് വ്യക്തമായി. ഇതേ അവസ്ഥ തന്നെയാണ് മറ്റു ഉൽപ്പന്നങ്ങളുടെ കാര്യത്തിലും നടക്കുന്നത്.

ചന്ദനം അടക്കമുള്ള വിവിധ മൂല്യമുള്ള ധാരാളം മരങ്ങൾ ഫാമിലുണ്ട്. മരങ്ങളുടെ വിവരങ്ങളടങ്ങിയ ട്രീ രജിസ്റ്ററിൽ മരങ്ങളുടെ ഇനം, വലിപ്പം എന്നിവ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടില്ല. 1983 കാലയളവിലെ ട്രീ രജിസ്റ്ററാണ് ഇപ്പോഴും ഫാമിലുള്ളത്. അതാണ് പരിശോധനക്കായി നൽകിയത്. അതിൽ വളരെ കുറച്ച് മരങ്ങളുടെ വിവരങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂ. 1983 കാലയളവിൽ രേഖപ്പെടുത്തിയ മരങ്ങളിൽ പലതും നിലവിൽ ഫാമിൽ ഉണ്ടോ എന്ന കാര്യവും വ്യക്തമല്ല.

ഫാമിൽ കടപുഴകിയും ഉണങ്ങിയും നിരവധി മരങ്ങൾ വീണു കിടക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. എന്നാൽ, ഇവയൊന്നും തന്നെ മൂല്യനിർണയം നടത്തി ലേലം ചെയ്യുന്നതിന്​ നടപടിക്രമങ്ങൾ ഫാം അധികൃതർ ആരംഭിച്ചിട്ടില്ല. ഫാമിൽനിന്നും നാളിതുവരെ മരങ്ങൾ ഒന്നും ലേലം ചെയ്ത് വിൽപ്പന നടത്തിയിട്ടില്ല. വീണുകിടക്കുന്ന പല മരങ്ങളും ദ്രവിച്ച അവസ്ഥയിലാണ്. മരങ്ങൾ കൃത്യമായി വർഗീകരണം നടത്തി നമ്പർ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ വീണു കിടക്കുന്നതും അല്ലാത്തതുമായ മരങ്ങൾ മോഷണം പോകുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.

ഫാമിൽ ജോലി ചെയ്യുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട 29 സ്ഥിരം തൊഴിലാളികളിൽനിന്നും റൊട്ടേഷൻ ക്രമത്തിലാണ് വാച്ച്മാനെ നിയോഗിക്കുന്നത്. രാത്രി രണ്ടുപേരെയും പകൽ ഒരാളെയുമാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. പരിശോധന നടത്തുന്ന സമയത്ത് വാച്ച്മാനായി ജോലിക്ക് നിയോഗിച്ചയാൾ മദ്യപിച്ച അവസ്ഥയിലായിരുന്നു. ഫാമിൽ ഇത് പതിവാണെന്നും തൊഴിലാളികൾ മിക്കവാറും മദ്യപിച്ചാണ് എത്താറുള്ളതെന്നും കൃഷി ഓഫിസർ പറഞ്ഞു.

ഫാമിൽ തൊഴിലാളികൾ എല്ലാവരും വളരെ പ്രായം ചെന്നവരാണ്. ഇവരിൽ നടക്കാൻപോലും കഷ്ടപ്പെടുന്നവരുണ്ടെന്ന്​ റിപ്പോർട്ടിൽ പറയുന്നു. അവരുടെ പ്രായം തെളിയിക്കുന്ന യഥാർഥ രേഖകളൊന്നുമില്ല. പലരുടെയും പ്രായം വളരെ കുറവായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം തൊഴിലാളികളെ ഉപയോഗിച്ച് ഫാമിലെ വരുമാനം വർധിപ്പിക്കുക അസാധ്യമാണ്. ചന്ദനം അടക്കം നിരവധി മരങ്ങളുള്ള ചീങ്ങേരി ഫാം രാത്രി സംരക്ഷിക്കുന്നതും പ്രയാസകരമാണ്.

കാർഷിക ഉൽപ്പന്നങ്ങൾ വിളവെടുക്കുന്നതിന്‍റെ കണക്ക് അതാതു ദിവസങ്ങളിൽ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നില്ല. വിൽപ്പന നടത്തുന്നതിന് വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തി പണം തൊട്ടടുത്ത ദിവസം ട്രഷറിയിൽ അടയ്ക്കുന്ന രീതി സ്വീകരിച്ചിട്ടില്ല. ഫാമിലെ തൊഴിലാളികൾ ഫാമിൽനിന്ന്​ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ കണക്ക് കൃഷി അസിസ്റ്റൻറ് തുണ്ടു കടലാസുകളിൽ രേഖപ്പെടുത്തി വെച്ചത് കണ്ടെത്തി. ഇത്തരം കണക്കുകൾ പിന്നീട് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നുണ്ടെന്നാണ് കൃഷി ഓഫിസർ പറയുന്നത്.

തൊഴിലാളികൾ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വില കുറച്ചാണ് ശമ്പളത്തിൽ നൽകുന്നതെന്നും ഓഫിസർ അറിയിച്ചു. ഇത്തരം കണക്കുകൾ സംശയം ഉളവാക്കുന്നതാണ്. നാളികേരം പോലുള്ള ഫാമിലെ ചില ഉൽപ്പന്നങ്ങൾ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലക്ക്​ വിൽക്കുന്നതും പരിശോധനയിൽ കണ്ടെത്തി.

സീനിയർ അഗ്രികൾച്ചർ ഓഫിസറും സീനിയർ ക്ലർക്കും കൃഷി അസിസ്റ്റൻറും ഉൾപ്പെടെ നിലവിൽ 32 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. എ.ഡി.എ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെയാണ് സീനിയർ കൃഷി ഓഫിസർ എന്ന തസ്തികയിൽ നിയമിച്ചിരിക്കുന്നത്. എന്നാൽ, കേവലം ഒരു കൃഷി ഓഫിസർക്ക് ചെയ്യാനുള്ള ജോലി പോലും ഫാമിലില്ല. സാധാരണ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് കൃഷി ഓഫിസർമാർ ചെയ്യുന്ന ജോലിയുടെ വലിപ്പം വെച്ചുനോക്കുമ്പോൾ, സർക്കാറിന് വലിയ രീതിയിൽ വരുമാനം ഒന്നും ലഭിക്കാത്ത ചീങ്ങേരി ഫാമിൽ എ.ഡി.എ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് ചെയ്യേണ്ട ജോലി തുലോം കുറവാണ്.

മരങ്ങളുടെ കൃത്യമായ വർഗീകരണവും മൂല്യനിർണയവും നടത്തി വിവരങ്ങൾ ലഭ്യമാക്കാൻ വേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ കൽപ്പറ്റ സോഷ്യൽ ഫോറസ്റ്റ് അസിസ്റ്റൻറ് കൺസർവേറ്റർക്ക് നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. മരങ്ങൾക്ക് നമ്പറിട്ട് ലിസ്റ്റിൽ രേഖപ്പെടുത്തണം. കടപുഴകിയും ഉണങ്ങിയും വീഴുന്ന മരങ്ങളുടെ പേരും ജനുസും രേഖപ്പെടുത്തി, വിൽക്കുമ്പോൾ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം.

ഫാമിൽ കൃഷിചെയ്യുന്ന ഉൽപ്പന്നങ്ങൾ വിളവെടുക്കുന്നതിന്‍റെയും വിൽപ്പന നടത്തുന്നതിന്‍റെയും കണക്കുകൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. ഫാമിലെ വരവിനേക്കാൾ പലപ്പോഴും ശമ്പളയിനത്തിലും മറ്റും പതിന്മടങ്ങ് ചെലവ് വരുന്നു. എ.ഡി.എ റാങ്കിലുള്ള ഉദ്യോഗസ്ഥൻെറ സേവനം ഫാമിൽ ആവശ്യമില്ല. ഫാം മേധാവിയായി കൃഷി ഓഫിസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. എ.ഡി.എ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഉത്തരവാദിത്വപ്പെട്ട മറ്റ് ഏതെങ്കിലും ഓഫിസിലേക്ക് പുനർവിന്യസിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.

Tags:    
News Summary - Chingeri Farm: Three-year loss of Rs 2.40 crore, shocking information on inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.