'പൊതുജനത്തിന്‍റെ പണം കട്ടെടുത്തും കൈക്കൂലി വാങ്ങിയും ജീവിക്കാമെന്ന് ആരും കരുതേണ്ട'; ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയത് സംസ്ഥാന സർക്കാറിന് തന്നെ നാണക്കേടായ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ പണം കട്ടെടുത്തും കൈക്കൂലി വാങ്ങിയും ജീവിക്കാമെന്ന് ആരും കരുതേണ്ട. സർക്കാറിന് കളങ്കം ഉണ്ടാക്കുന്നവരെ ചുമന്നുനടക്കില്ല. സമൂഹം ആഗ്രഹിക്കുന്ന രീതിയിലുള്ള നടപടി ഇത്തരക്കാർക്കെതിരെ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ട്. ഭൂരിപക്ഷം ജീവനക്കാരും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്നവരാണ്. എന്നാൽ ചുരുക്കം ചിലർക്ക് ലാഭചിന്തകളുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് അവർ കരുതുന്നത്.


പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും നടപടിയെടുക്കാനും അത്ര ബുദ്ധിമുട്ടില്ലെന്നത് എല്ലാവരും ഓർക്കണം. ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശേഖരണവും അന്വേഷണവും സർക്കാർ നടത്തുന്നുണ്ട്. ചിലമേഖലകളിലെ ചില ഉദ്യോഗസ്ഥർ സർവിസിൽ നിന്ന് പുറത്തായത് നിങ്ങൾ കണ്ടിട്ടുണ്ടാകും. അത് എല്ലാ മേഖലക്കും ബാധകമാണ്. അർപ്പിതമായ ഉത്തരവാദിത്വം നിർവഹിക്കാതെ വ്യക്തിപരമായ നേട്ടത്തിന് ശ്രമിക്കുന്നവരെ തുടർന്ന് ചുമന്നുപോകേണ്ട ബാധ്യത സർക്കാറിന് ഉണ്ടാവില്ല. 


ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ ഉദ്യോഗസ്ഥർ സമയബന്ധിതമായി നല്‍കണം. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവക്കാരുടെ ഭാഗത്ത് നിന്ന് നല്ല ഇടപെടല്‍ വേണം. എല്ലാ വകുപ്പില്‍ നിന്നും ജീവക്കാരുടെ നല്ല പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - chief ministers warning against corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.