കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനം കടന്നുപോകാൻ വൻ നിയന്ത്രണം ഏർപ്പെടുത്തിയ പൊലീസ് കുഞ്ഞിന് മരുന്നുവാങ്ങാൻ എത്തിയ പിതാവിനെ മെഡിക്കൽ ഷോപ്പിന് മുന്നിൽ വാഹനം നിർത്താൻ അനുവദിച്ചില്ല. കാലടി മറ്റൂരിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കുഞ്ഞുമായി എത്തിയ കുടുംബത്തെ പൊലീസ് ഭീഷണിപ്പെടുത്തി. ഇത് ചോദ്യംചെയ്ത മെഡിക്കൽ ഷോപ്പ് ഉടമയോടും പൊലീസ് മോശമായി പെരുമാറി.
വിമാനത്താവളത്തിൽ പോയി മടങ്ങുകയായിരുന്നു കോട്ടയം സ്വദേശിയുടെ കുടുംബം. കുഞ്ഞിന് കടുത്ത പനി വന്നതോടെ മരുന്ന് വാങ്ങാൻ വഴിയരികിലെ മെഡിക്കൽ ഷോപ്പിന് മുന്നിൽ വാഹനം നിർത്തി. എന്നാൽ, വാഹനം ഇവിടെ നിർത്താൻ പറ്റില്ലെന്നും മാറ്റണമെന്നും സ്ഥലത്തെത്തിയ എസ്.ഐ ആവശ്യപ്പെട്ടു. കുഞ്ഞിന് മരുന്നുവാങ്ങാനാണെന്നും നിർത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമ്മതിച്ചില്ല. പിന്നീട് കാർ മറ്റൊരു ഭാഗത്തേക്ക് മാറ്റിയിട്ട് കുഞ്ഞുമായി നടന്നു വന്നാണ് കടയിലെത്തി മരുന്ന് വാങ്ങിയത്.
മരുന്ന് വാങ്ങി തിരികെ പോകുമ്പോഴും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. ഇതോടെ മെഡിക്കൽ ഷോപ്പുടമ ഇടപെട്ടു. എന്നാൽ, കടയടപ്പിക്കുമെന്നായിരുന്നു പൊലീസിന്‍റെ ഭീഷണി. സംഭവത്തിൽ മുഖ്യമന്ത്രിക്കും പൊലീസ് ഉന്നതർക്കും പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.