തിരുവനന്തപുരം: പ്രളയദുരന്തത്തിെൻറ ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് പഠനങ്ങള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന് ഇരയായവരെ രക്ഷപ്പെടുത്തല്‍, മാറ്റിപ്പാര്‍പ്പിക്കല്‍, ക്യാമ്പില്‍ അത്യാവശ്യം സൗകര്യം ഉറപ്പാക്കല്‍ എന്നിവയിലെല്ലാം കലക്ടര്‍മാര്‍ നല്കിയ നേതൃത്വം അഭിനന്ദനാര്‍ഹമാണ്. വിവിധ ജില്ലകളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കലക്ടര്‍മാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സിലൂടെ അവലോകനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ക്യാമ്പിലുള്ളവര്‍ തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഉണ്ടാകുന്ന പ്രയാസം വലുതാണ്. തിരിച്ചുപോകുന്നവര്‍ക്ക് ഭക്ഷണകിറ്റ് നല്‍കുന്നുണ്ട്. എന്നാല്‍, ഭക്ഷണം പാകം ചെയ്യാനുള്ള പാത്രമോ മറ്റ് സൗകര്യങ്ങളോ വീടുകളിലുണ്ടാകില്ല. ഈ സാഹചര്യം മനസ്സിലാക്കി കലക്ടര്‍മാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
താല്‍ക്കാലിക ആശ്വാസമെന്നനിലയിൽ നൽകുന്ന പതിനായിരം രൂപ തുടര്‍ച്ചയായ ബാങ്ക് അവധി കാരണം കൈമാറാന്‍ കഴിഞ്ഞിട്ടില്ല. അടുത്തദിവസം തന്നെ തുക എല്ലാവര്ക്കും ലഭ്യമാക്കണം.
ചത്ത മൃഗങ്ങളുടെ ശവങ്ങള് എവിടെയെങ്കിലും ബാക്കി കിടക്കുന്നുണ്ടെങ്കില്‍ ഉടൻ ശാസ്ത്രീയമായി സംസ്കരിക്കണം. പകര്‍ച്ചവ്യാധി തടയണമെങ്കിൽ ശുചീകരണം കാര്യക്ഷമമായി നടക്കണം. വാഹന ഇന്‍ഷുറന്‍സ് തുക വേഗം ലഭ്യമാകുന്നതിന് നടപടി വേണം. ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളുമായി ഒരു വട്ടം സംസാരിച്ചിരുന്നു. വീണ്ടും ചീഫ് സെക്രട്ടറിതലത്തില്‍ അവരുടെ യോഗം വിളിക്കും.
വീടുകളിലേക്ക് തിരിച്ചുപോകാന്‍ സാഹചര്യമുള്ള മുഴുവനാളുകളും രണ്ടുദിവസം കൊണ്ട് തിരിച്ചുപോകും എന്ന് ഉറപ്പാക്കണം. ഇപ്പോള്‍ തിരിച്ചുപോകാന്‍ കഴിയാത്തവർക്ക് അതത് പ്രദേശങ്ങളില്‍ താമസസൗകര്യം ഒരുക്കണം.
സ്കൂളുകളല്ലാത്ത സ്ഥലം അതിനായി കണ്ടെത്തണം. ഓരോ മേഖലക്കും വന്ന നഷ്ടം കൃത്യമായി തിട്ടപ്പെടുത്തണം. കിണര്‍ ശുചിയാക്കുന്നതുവരെ കുടിവെള്ളം വീടുകളില്‍ എത്തിക്കണം.
ദുരന്തത്തിെൻറ പശ്ചാത്തലത്തില്‍ അത്യാവശ്യ സാധനങ്ങള്‍ക്ക് വില കൂട്ടി വില്‍ക്കുന്ന പ്രവണതയുണ്ട്. ഇതിനെതിരെ കലക്ടർമാർ ഇടപെടണം. കടകള്‍ മുഴുവന്‍ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളില്‍ പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് ബദല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വിഡിയോ കോണ്‍ഫറന്‍സില്‍ കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലെയും കലക്ടര്‍മാര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയോടൊപ്പം മന്ത്രി ഇ.പി. ജയരാജന്, ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യ അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, നളിനി നെറ്റോ, വി.എസ്. സെന്തില്‍, എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.