'ആകാശത്തും പ്രതിഷേധിച്ച ചരിത്രമുണ്ടെന്ന് മറക്കരുത്'; മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ വാങ്ങുന്നത് ജനങ്ങളെ പേടിച്ചിട്ടെന്ന് കെ. സുധാകരന്‍

കേരളത്തിലെ ജനങ്ങളുടെ മേല്‍ താങ്ങാനാവാത്ത നികുതിഭാരം കയറ്റിവച്ച മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയായതുകൊണ്ട് ജനങ്ങളെ ഒഴിവാക്കി ആകാശയാത്ര നടത്താനാണ് പുതിയ ഹെലികോപ്റ്റര്‍ വാങ്ങുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. സ്വപ്‌ന സുരേഷിനെ അറിയില്ലെന്നു നിയമസഭയില്‍ കല്ലുവച്ചകള്ളം വിളിച്ചുപറഞ്ഞ മുഖ്യമന്ത്രിയുമായി താന്‍ പല തവണ കൂടിക്കാഴ്ച നടത്തിയെന്നും ഒറ്റയ്ക്കിരുന്നു സംസാരിച്ചെന്നും സ്വപ്‌ന വ്യക്തമാക്കിയതോടെ ജനങ്ങളില്‍നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലാണെന്നും സുധാകരൻ പറഞ്ഞു. 

കരിങ്കൊടി പ്രതിഷേധം മറികടക്കാന്‍ മുഖ്യമന്ത്രി കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് ഹെലികോപ്റ്റര്‍ യാത്ര നടത്തി ട്രയല്‍ എടുത്തു. തലങ്ങും വിലങ്ങും ഇനി മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയാണ് കാണാന്‍ പോകുന്നത്. അതുകൊണ്ടൊന്നും പ്രതിഷേധം കെട്ടടങ്ങില്ലെന്നും ആകാശത്തും പ്രതിഷേധിച്ച ചരിത്രമുള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്ന് മുഖ്യമന്ത്രി വിസ്മരിക്കരുതെന്നും സുധാകരന്‍ പറഞ്ഞു. 

കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസം കിരണം പദ്ധതിയില്‍ മാസം തോറും നല്കുന്ന 600 രൂപ നിലയ്ക്കുകയും സഹായ പദ്ധതികളെല്ലാം നിലച്ചതിനെ തുടര്‍ന്ന് വീല്‍ ചെയര്‍ രോഗികള്‍ പ്രതിഷേധവുമായി തെരുവിറങ്ങുകയും ചെയ്തപ്പോള്‍ പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണുള്ളതെന്നു പറയുന്നവരാണ് മാസം 80 ലക്ഷം രൂപ ചെലവഴിച്ച് ഇരട്ട എന്‍ജിന്‍ ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ 2020 ഏപ്രിലില്‍ മുതല്‍ പ്രതിമാസം 1.44 കോടി രൂപയ്ക്ക് ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് 22.21 കോടി രൂപ ചെലവഴിച്ച് ധൂര്‍ത്തടിച്ചിരുന്നു. ഈ തുകകൊണ്ട് കുറഞ്ഞത് 500 പാവപ്പെട്ടവര്‍ക്കെങ്കിലും വീട് കെട്ടിക്കൊടുക്കാമായിരുന്നു. സര്‍ക്കാരിന്റെ അധിക നികുതിചുമത്തലും ആര്‍ഭാടവും മൂലം ജനങ്ങളുടെ ജീവിതാവസ്ഥ വളരെ മോശമാണെന്നു ചൂണ്ടിക്കാട്ടുമ്പോള്‍ 'റൊട്ടി ഇല്ലെങ്കില്‍ ജനങ്ങള്‍ കേക്ക് തിന്നട്ടെ' യെന്നു പറഞ്ഞ ഫ്രഞ്ച് രാജകുമാരിയുടെ മാനസികാവസ്ഥയുള്ള മുഖ്യമന്ത്രി ഒരു പാഠവും പഠിക്കാന്‍ തയാറല്ല.

മുഖ്യമന്ത്രിയെ പലവട്ടം കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും സ്വപ്‌ന ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ നിയമസഭയില്‍ പറഞ്ഞ കല്ലുവച്ച കള്ളം അടപടലം പൊളിഞ്ഞു. കേരളത്തിലെ ജനങ്ങളെ ഇക്കാലമത്രയും ഇത്തരം പച്ചക്കള്ളങ്ങള്‍ തട്ടിവിട്ടാണ് മുഖ്യമന്ത്രി വഞ്ചിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമായി ഒരുപാട് ബിസിനസ് ഇടപാടുകളും ഇടപെടലുകളും നടത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഇതില്‍ ഒരു വാസ്തവവുമില്ലെങ്കില്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? നിയമസഭയോടും മാത്യു കുഴല്‍നാടന്‍ എം.എല്‍.എയോടും ക്ഷമാപണം നടത്താനുള്ള ആര്‍ജവമുണ്ടോ? വെളുക്കുവോളം കട്ടാല്‍ പിടിവീഴും എന്നത് മറക്കരുതെന്നും സുധാകരന്‍ ഓര്‍മിപ്പിച്ചു. 

Tags:    
News Summary - Chief Minister buying helicopter because he is afraid of people K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.