തിരുവനന്തപുരം: കോയമ്പത്തൂർ അവിനാശിയിൽ ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി എ.സി വോ ൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെ ടുത്തി. മൃതദേഹങ്ങൾ വേഗം നാട്ടിൽ എത്തിക്കാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും നടപടി സ്വീകരിക്കാൻ പാലക്കാട് ജില്ല കലക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
ചികിത്സക്ക് ക്രമീകരണമൊരുക്കിയിട്ടുണ്ട്. പരിക്കേറ്റവരെ കോയമ്പത്തൂരേക്ക് കൊണ്ടുവരും. ആവശ്യമെങ്കിൽ മെഡിക്കൽ സംഘത്തെ അയക്കും. ചീഫ് സെക്രട്ടറിക്കാണ് ഏകോപന ചുമതല. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും പാലക്കാട് കലക്ടറും അവിനാശിയിലുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടി പുരോഗമിക്കുകയാണ്. തമിഴ്നാട് സർക്കാരുമായും തിരുപ്പൂർ ജില്ല കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും അടിയന്തിരമായി എത്തിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള, തമിഴ്നാട് സർക്കാറുകളോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണം. മരിച്ചവരെ വേഗത്തിൽ തിരിച്ചറിയാനുള്ള ഏർപ്പാടുകൾ ചെയ്തു മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കണം. ബന്ധുക്കൾക്കും ആവശ്യമായ സഹായം നൽകണം. കേരള, തമിഴ്നാട് സർക്കാരുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. കേരളത്തിൽ നിന്ന് ഉദ്യോഗസ്ഥരെയും മെഡിക്കൽ സംഘത്തെയും അയക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, അപകടത്തെക്കുറിച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ കെ.എസ്.ആർ.ടി.സി എം.ഡിയോട് റിപ്പോർട്ട് തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.