‘സ്വാതന്ത്ര്യവും ജനാധിപത്യവുല്ല, അഭിപ്രായം പറയുന്നവരെ പുറത്താക്കുന്നു’; സതിയമ്മയെ പിരിച്ചുവിട്ടതിൽ ചാണ്ടി ഉമ്മന്‍
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെയ്ത സഹായങ്ങൾ വാർത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രി താൽകാലിക ജീവനക്കാരി സതിയമ്മയെ ജോലിയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. സ്വാതന്ത്ര്യം, ജനാധിപത്യം എന്ന് പറയുന്നവരുടെ ഭാഗത്ത് നിന്നാണ് ഈ പ്രവൃത്തികൾ നടക്കുന്നതെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.
ഇവിടെ സ്വാതന്ത്ര്യം ഇല്ല. ജനാധിപത്യം ഇല്ല. ഒരു അഭിപ്രായം പറയുന്നവരെ വരെ പുറത്താക്കുന്ന സ്ഥിതിയാണ്. ഇത് കേവലം ഒരു വ്യക്തിയുടെ മാത്രം അവസ്ഥയല്ല. എല്ലാവർക്കും ഉള്ള സൂചനയാണ്. നിങ്ങൾ ഈ സർക്കാറിനെതിരെ സംസാരിക്കാൻ തയാറായാൽ നിങ്ങൾക്കും ഈ ഗതി വരും.
ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ട നേതാവാണ്. അദ്ദേഹത്തെ കുറിച്ച് നല്ലത് പറഞ്ഞതിന്‍റെ പേരിൽ ഇപ്പോൾ ഒരു സ്ത്രീയുടെ ജോലിയും കളഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് പിതാവിന്‍റെ പേരിലുണ്ടാക്കിയ സ്തൂപം അടിച്ച് തകർത്തു. പുതുപ്പള്ളിയിൽ അപ്പക്ക് ആദരാഞ്ജലി അർപ്പിച്ച് വച്ച ഫ്ലക്സ് ബോർഡുകൾ വരെ എടുത്ത് മാറ്റാണമെന്ന് പരാതികൾ നൽകുന്നു. ഉമ്മൻ ചാണ്ടിയെ ഇനിയെങ്കിലും വെറുതെ വിടണമെന്ന് രാഷ്ട്രീയത്തിനപ്പുറം ഒരു മകനെന്ന നിലയിൽ പറയുകയാണെന്നും ചാണ്ടി ഉമ്മൻ പ്രസ്താവനയിൽ വ്യക്തമാക്കി.
പിരിച്ചുവിട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ സതിയമ്മയുടെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം എം.എൽ.എമാരായ പി.സി വിഷ്ണുനാഥ്, എം. വിൻസെന്‍റ്. ജെബി മേത്തർ എം.പി, ഉമ്മൻചാണ്ടിയുടെ മകൾ മറിയാമ്മ എന്നിവരും ഉണ്ടായിരുന്നു.
ജീവനക്കാരിയെ പിരിച്ചുവിട്ടത് തെറ്റായ നടപടിയാണെന്നും ശക്തമായി പ്രതിഷേധിക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടി ചെയ്ത നല്ല കാര്യങ്ങൾ പറഞ്ഞതിനാണ് പാവപ്പെട്ട സ്ത്രീക്ക് ജോലി നഷ്ടപ്പെട്ടത്. സതിയമ്മക്കൊപ്പം യു.ഡി.എഫ് ഉണ്ടാകും. മുകളിൽ നിന്നുള്ള നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിച്ചതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചെയ്ത സഹായം വാർത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രിയിലെ താൽകാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നാണ് പരാതി. കൈതേപ്പാലം മൃഗാശുപത്രിയിൽ സ്വീപ്പറായി ജോലി ചെയ്തിരുന്ന പുതുപ്പള്ളി പള്ളികിഴക്കേതിൽ പി.ഒ സതിയമ്മയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. 11 വർഷമായി ചെയ്ത് വന്നിരുന്ന ജോലിയാണ് 52കാരിയായ സതിയമ്മക്ക് നഷ്ടമായത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് ചാനൽ റിപ്പോർട്ടർ മണ്ഡലത്തിലെ വോട്ടർമാരുടെ പ്രതികരണം തേടിയിരുന്നു. ഇതിനിടെ സതിയമ്മയോടും ഉമ്മൻചാണ്ടിയെ കുറിച്ച് ചോദിച്ചു. മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും മകളുടെ വിവാഹത്തിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തും കാമറക്ക് മുമ്പിൽ സതിയമ്മ വിശദീകരിച്ചു. ഉമ്മൻചാണ്ടി ചെയ്ത സഹായത്തിന് നന്ദിയായി ചാണ്ടി ഉമ്മന് ഇത്തവണ വോട്ട് ചെയ്യുമെന്നും അവർ വ്യക്തമാക്കി.
സതിയമ്മയുടെ പ്രതികരണം ഞായറാഴ്ച ചാനൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച ജോലിക്കെത്തിയപ്പോൾ മൃഗസംരക്ഷണ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്ക് കയറേണ്ടെന്ന് അറിയിക്കുകയായിരുന്നു. തന്നെ ഒഴിവാക്കാൻ മുകളിൽ നിന്ന് സമ്മർദമുണ്ടെന്ന സൂചനയിലാണ് വിവരം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചതെന്നും സതിയമ്മ പറയുന്നു.
വൈക്കത്തെ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണ് സ്വീപ്പറായി സതിയമ്മ ജോലിയിൽ പ്രവേശിച്ചത്. നാല് വർഷത്തിന് ശേഷം കുടുംബശ്രീ വഴി കൈതേപ്പാലം മൃഗാശുപത്രിയിൽ 8000 രൂപ മാസ വേതനത്തിന് ജോലിയിൽ കയറി. എൽ.ഡി.എഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന് കീഴിലാണ് കൈതേപ്പാലം മൃഗാശുപത്രി.
തടിപ്പണിക്കാരനായിരുന്ന രാധാകൃഷ്ണൻ അസുഖത്തെ തുടർന്ന് ജോലിക്ക് പോകുന്നില്ല. അതിനാൽ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു സതിയമ്മക്ക് ലഭിക്കുന്ന വരുമാനം. എന്നാൽ, പിരിച്ചുവിടൽ വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി ജില്ല ഡെപ്യൂട്ടി ഡയറക്ടർ രംഗത്തെത്തി. സതിയമ്മയുടെ ഊഴം കഴിഞ്ഞതിനാലാണ് പിരിച്ചുവിട്ടതെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.