ചാമ്പ്യൻസ് ബോട്ട് ലീഗ് നാളെ

കൊച്ചി: വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരം ശനിയാഴ്ച മറൈൻഡ്രൈവിൽ നടക്കും. ഐ.പി.എൽ ക്രിക്കറ്റ് മാതൃകയിൽ നടത്തുന്ന സി.ബി.എല്ലിലെ അഞ്ചാം സീസണാണിത്. ഉച്ചക്ക് രണ്ടിന് മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുമെന്ന് എറണാകുളം ഗെസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. ഒരുക്കങ്ങൾ അവസാനത്തിലാണ്. സംഘാടകസമിതിയുടെ നേതൃത്വത്തിൽ ചെറുവള്ളങ്ങളുടെ പ്രാദേശിക വള്ളംകളി മത്സരവും നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും കലാവിരുന്നും ഇതോടൊപ്പം നടത്തും.

2019ലെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ ആദ്യ സ്ഥാനത്ത് എത്തിയ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണത്തെ സി.ബി.എല്ലിലെ മത്സരാർഥികൾ. നാവിക സേനയുടെ ബാൻഡ് മേളത്തിന്‍റെയും കൊച്ചി കായലിൽ അണിനിരക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രില്ലിന്‍റെയും അകമ്പടിയോടെയാണ് മത്സരത്തിന് തുടക്കമിടുക. തുടർന്ന് ഇരുട്ടുകുത്തി വള്ളങ്ങളുടെയും ചുണ്ടൻ വള്ളങ്ങളുടെയും ഹീറ്റ്‌സും ഫൈനലുകളും നടത്തും.

അബാദ് ഫ്ലാറ്റിന് സമീപത്തെ ഫിഷറീസ് ഓഫിസിന് മുന്നിൽനിന്ന് ആരംഭിക്കുന്ന മത്സരത്തിന്‍റെ ഫിനിഷിങ് പോയന്‍റ് മറൈൻഡ്രൈവിലെ മഴവിൽ പാലത്തിന് സമീപമാണ്. ഒരു കിലോമീറ്ററുള്ള ട്രാക്ക് വെള്ളിയാഴ്ചയോടെ പൂർത്തിയാകും. മതിയായ ആഴമില്ലാത്ത ഭാഗങ്ങളിൽ ഇതിനായി ഡ്രഡ്ജിങ് നടത്തിയിരുന്നു. വാർത്തസമ്മേളനത്തിൽ ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണു രാജ്, സി.ബി.എൽ സാങ്കേതികസമിതി അംഗം ആർ.കെ. കുറുപ്പ് എന്നിവർ സംബന്ധിച്ചു. 

ലക്ഷ്യം വിനോദസഞ്ചാരികളെ ആകർഷിക്കൽ

കൊച്ചി: കേരളത്തിന്‍റെ തനത് മത്സരമായ വള്ളംകളി അന്താരാഷ്ട്രതലത്തിൽ കൂടുതൽ ജനകീയമാക്കാനും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കാനുമായി ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കും. നെഹ്‌റു ട്രോഫി മത്സരത്തോടെ ആരംഭിച്ച ലീഗിൽ 12 മത്സരങ്ങളാണുള്ളത്. 5.90 കോടി രൂപയാണ് സമ്മാനമായി നല്‍കുന്നത്. മത്സരങ്ങളിലേക്ക് കൂടുതൽ പേരെ ആകര്‍ഷിക്കാനാണ് കര തിരിച്ച് പ്രാദേശിക വള്ളംകളി നടത്തുന്നത്.

വ്യവസായ മന്ത്രി പി. രാജീവാണ് മറൈൻഡ്രൈവിലെ സി.ബി.എൽ മത്സരത്തിന്‍റെ മുഖ്യരക്ഷാധികാരി. ടി.ജെ. വിനോദ് എം.എല്‍.എ സംഘാടകസമിതി ചെയര്‍മാനും ജില്ല പഞ്ചായത്ത് അധ്യക്ഷൻ രക്ഷാധികാരിയുമാണ്. മേയർ അഡ്വ. എം. അനില്‍കുമാർ വൈസ് ചെയര്‍മാനും കലക്ടർ ഡോ. രേണു രാജ് ജനറൽ കണ്‍വീനറുമാണ്. ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണു രാജിനാണ് ഏകോപന ചുമതല. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കറാണ് കണ്‍വീനർ.

ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ, നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ആയാപറമ്പ് പാണ്ടി ചുണ്ടൻ, സെന്‍റ് പയസ് ടെന്‍ത് ചുണ്ടൻ, ദേവാസ് ചുണ്ടൻ, പായിപ്പാട് ചുണ്ടൻ എന്നിവയാണ് സി.ബി.എല്ലിലെ മത്സരാർഥികൾ. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തൻപറമ്പൻ, പൊഞ്ഞനത്തമ്മ, സെന്‍റ് സെബാസ്റ്റ്യൻ നമ്പര്‍ 1, താണിയൻ, സെന്‍റ് ആന്‍റണി, ശരവണൻ, വലിയ പണ്ഡിതൻ, തിരുത്തിപ്പുറം, ഹനുമാൻ നമ്പർ 1 എന്നിവയാണ് പ്രാദേശിക വള്ളംകളി മത്സരത്തിൽ മാറ്റുരക്കുന്നത്.

Tags:    
News Summary - Champions Boat League tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.