കേന്ദ്ര ഏജന്‍സികൾ നടത്തുന്നത് ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണം -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സര്‍ക്കാറിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്. എന്താണോ കണ്ടെത്തേണ്ടത്, അതില്‍ നിന്ന് മാറി സര്‍ക്കാറിന്‍റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് ഏജന്‍സികള്‍ക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍, അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് വല്ലതും കണ്ടെത്താന്‍ കഴിയുമോ എന്ന നിലയിലുള്ള പരതല്‍ ഏജന്‍സികളുടെ വിശ്വാസ്യത ഇല്ലാതാക്കും. സര്‍ക്കാറിന്‍റെ വികസന പരിപാടികളെ അത് തടസപ്പെടുത്തും. സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ മനോവീര്യം നഷ്ടപ്പെടുത്തും. അന്വേഷണ ഏജന്‍സികളുടെ ഈ വഴിവിട്ട പോക്ക് സര്‍ക്കാര്‍ നേരിടുന്ന ഭരണപരമായ ഗൗരവ പ്രശ്‌നമാണ്. ഒരു ജനാധിപത്യ-ഫെഡറല്‍ സംവിധാനത്തില്‍ ഇതു ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.