തിരുവനന്തപുരം: സെൻസസ് 2027ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുടുംബ വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യം ജൂൺ 16 മുതൽ 30 വരെ ലഭ്യമാകും.
മൊബൈൽ ഫോണിന്റെ സഹായത്തോടെ തന്നെ സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കാം. രണ്ട് ഘട്ടങ്ങളിലായുള്ള സെൻസസ് നടപടിക്രമത്തിൽ, ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയാറാക്കലും വീടുകളുടെ സെൻസസുമാണ് നടത്തുക. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ്.
സംസ്ഥാനത്ത് 2026 ജൂലൈ ഒന്ന് മുതൽ ജൂലൈ 30 വരെയാണ് ഒന്നാംഘട്ട സെൻസസ് നടപടികൾ നടക്കുക. ഈ ഘട്ടത്തിൽ എന്യൂമറേറ്റർമാർ ഓരോ ‘വീടുപട്ടിക ബ്ലോക്കി’ലെയും കെട്ടിടങ്ങളും പ്രധാന ലാൻഡ്മാർക്കുകളും ഉൾപ്പെടുത്തി ഒരു ലേഔട്ട് മാപ്പ് തയാറാക്കുകയും, മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.
ഒരു വീടുപട്ടിക ബ്ലോക്ക് എന്നത് 700 മുതൽ 800 വരെ ജനസംഖ്യയുള്ള പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി വാർഡിന്റെ ഭാഗമാണ്. വരിനമ്പർ ഉൾപ്പെടെ ആകെ 34 ചോദ്യങ്ങളാണ് ഒന്നാം ഘട്ട സെൻസസിൽ ഉൾപ്പെടുത്തിയത്. എന്യൂമറേറ്റർമാർ വീടുകളിൽ എത്തുന്നതിന് മുമ്പുതന്നെ കുടുംബനാഥനോ പ്രായപൂർത്തിയായ മറ്റ് അംഗങ്ങൾക്കോ ഓൺലൈൻ പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാം.
സെൽഫ് എന്യൂമറേഷൻ ചെയ്യുന്നതിന് പൊതുജനങ്ങൾ ആദ്യം https://se.census.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സംസ്ഥാനം തെരഞ്ഞെടുക്കണം. അടുത്ത സ്ക്രീനിൽ കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നൽകി സ്ഥിരീകരിക്കണം. തുടർന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകി, മാപ്പിൽ സ്വന്തം വീട് കണ്ടെത്തി ‘റെഡ് മാർക്കർ’ അതിന് മുകളിൽ സ്ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യണം. ലൊക്കേഷൻ സ്ഥിരീകരിച്ച ശേഷം സ്ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യാം.
അതിനുശേഷം 11 അക്കങ്ങളുള്ള ഒരു എസ്.ഇ ഐഡി എസ്.എം.എസ് വഴിയും ഇ-മെയിൽ വഴിയും ലഭ്യമാകും. എന്യൂമറേറ്റർ വീട് സന്ദർശിക്കുന്ന സമയത്ത് ഈ ഐഡി അവർക്ക് കൈമാറണം. കെട്ടിട നമ്പർ, സെൻസസ് വീട്ടു നമ്പർ, വീടിന്റെ ഉപയോഗം, കുടുംബന മ്പർ തുടങ്ങിയ വിവരങ്ങൾ സെൽഫ് എന്യൂമറേഷനിൽ നൽകേണ്ടതില്ല. ഈ വിവരങ്ങൾ എന്യൂമറേറ്റർമാർ നേരിട്ടെത്തിയാണ് രേഖപ്പെടുത്തുക. എന്തെങ്കിലും തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ എന്യൂമറേറ്റർ വീട്ടിൽ വരുമ്പോൾ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.