കൊച്ചി: ദുബൈയിൽ ജോലി തേടിപ്പോയ യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്. എടപ്പാൾ സ്വദേശി ജംഷീറിനെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
2022 നവംബറിൽ ദുബൈയിലേക്ക് പോയ ബി.എസ്.സി ഇലക്ട്രോണിക്‌സ് ബിരുദധാരിയായ ജംഷീർ 2023 ഏപ്രിൽവരെ കുടുംബവുമായി സംസാരിച്ചിരുന്നതായി ഹരജിയിൽ പറയുന്നു. സഹോദരന് വാട്സ്ആപ്പിൽ അയച്ച വിവരമായിരുന്നു അവസാന സന്ദേശം. നേപ്പാൾ വിമാനത്താവളത്തിൽ അറസ്റ്റിലായെന്നും ഉടനെ തിരിച്ചെത്തുമെന്നുമാണ് ഇതിൽ പറഞ്ഞിരുന്നത്. എന്നാൽ, നേപ്പാളിൽ ഇങ്ങനെ ഒരു അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് മനസ്സിലായതിനെത്തുടർന്ന് വീട്ടുകാർ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി.
ജംഷീർ 2023 മാർച്ചിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയെന്നും അവസാന ടവർ ലൊക്കേഷൻ കൊൽക്കത്തയിലെ ഹൗറയിൽ ആണെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിനാലാണ് പിതാവ് ഹൈകോടതിയെ സമീപിച്ചത്. കേരളത്തിന് പുറത്തും അന്വേഷണം വേണ്ട സാഹചര്യത്തിലാണ് കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ഫയലുകൾ പൊലീസ് മൂന്നാഴ്ചക്കകം സി.ബി.ഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.