തിരുവനന്തപുരം: കന്നുകാലികെള കൊണ്ടുപോകുന്നതിന് റെയിൽവേ പ്രത്യേകം കോച്ചുകളൊരുക്കുന്നു. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിലാണ് പ്രത്യേകം ബോഗികൾ സജ്ജമാക്കുന്നത്. കന്നുകാലി കടത്തിനും വിൽപനക്കും കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് റെയിൽവേയുടെ പുതിയ നീക്കം. സാധാരണ ട്രെയിനുകളിലാണ് കന്നുകാലികൾക്കുള്ള കോച്ചും ക്രമീകരിക്കുക.
നിലവിൽ ഗാർഡ് റൂമിലെ കെന്നൽ ബോക്സിലാണ് മൃഗങ്ങളെ കൊണ്ടുപോകുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വളർത്തുനായ്ക്കളെ ഒപ്പം കൊണ്ടുപോകുന്നതിനായി ഏർപ്പെടുത്തിയ ‘കെന്നൽ ബോക്സുകൾ’ പിന്നീട് തുടരുകയും പ്രത്യേക ഫീസടച്ച് വളർത്തുനായ്, ആട് തുടങ്ങിയവയെ കൊണ്ടുപോകുന്നതിനുള്ള സംവിധാനമായി മാറ്റുകയുമായിരുന്നു. ഒരു മൃഗത്തെ മാത്രമേ ഇത്തരത്തിൽ കൊണ്ടുപോകാനാകുമായിരുന്നുള്ളൂ.
പുതിയ ക്രമീകരണം മൃഗങ്ങളെ വാഹനങ്ങളിൽ കടത്തുന്നതിനെക്കാൾ സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമാണെന്നാണ് വിലയിരുത്തൽ. മൃഗങ്ങളെ ഗുഡ്സ് ട്രെയിനുകളിൽ കൊണ്ടുപോകുന്നതിന് നിയമപരമായി വിലക്കുണ്ട്. ഇത് പരിഗണിച്ചാണ് എക്സ്പ്രസ് ട്രെയിനുകളിൽ വാഗൺ ചേർക്കുന്നത്. എന്നാൽ ചാർജ് കൂടുതലാകും. ഒരു ബോഗിക്ക് രണ്ട് ലക്ഷം രൂപവരെയാണ് നിരക്ക്. ബുക്കിങ് തുടങ്ങിയ ഉടനെ 3000 ത്തോളം കന്നുകാലികളെയാണ് ഇതിനകം യാത്രക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബംഗാൾ, അസം, അരുണാചൽ പ്രദേശ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് രജിസ്റ്റർ ചെയ്തതിൽ കൂടുതൽ. ഇതിനായി മാത്രം 130 സർവിസുകളെങ്കിലും നടത്തേണ്ടിവരുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.
സേലത്തുനിന്ന് ഗുവാഹതിയിലേക്ക് 20 പശുക്കളെയും വില്ലുപുരത്തുനിന്ന് ബംഗാളിലേക്ക് 20 കന്നുകാലികളെയുമാണ് ആദ്യം കൊണ്ടുപോകുന്നത്. സ്വകാര്യ ഏജൻറുമാരാണ് ബുക്ക് ചെയ്തവരിൽ അധികവും. മൃഗങ്ങളെ പ്രത്യേക കോച്ചുകളിൽ കൊണ്ടുപോകുന്നതിനുള്ള നിയമപരമായ മുൻകരുതലുകൾ റെയിൽവേ എടുത്തിട്ടുണ്ട്. മുമ്പ് തിരുവനന്തപുരം മൃഗശാലയിൽനിന്ന് നാഗാലാൻഡിലേക്ക് കരടികളെ കൊണ്ടുപോയതും തിരിച്ച് തിരുവനന്തപുരത്തേക്ക് കടുവയെ കൊണ്ടുവന്നതുമാണ് പ്രത്യേക അനുമതിയോടെ ദക്ഷിണ റെയിൽവേ നടത്തിയിട്ടുള്ള മൃഗക്കടത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.