തിരുവനന്തപുരം:സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന് വില നൽകാതെ നാളിതുവരെ കശുവണ്ടി വ്യവസായത്തെയും വ്യവസായികളെയും തൊഴിലാളികളെയും കബളിപ്പിച്ച ബാങ്കുകളുടെ നിഷേധാത്മക നിലപാടിനെതിരെ കശുവണ്ടി വ്യവസായികളും തൊഴിലാളികളും ഫെഡറേഷൻ ഓഫ് ക്യാഷ്യു പ്രോസസ്സർസ് ആൻഡ് എക്സ്പോർട്ടേഴ്സ്, ക്യാഷ്യു പ്രൊട്ടക്ഷൻ കൗൺസിൽ എന്നീ സംഘടനകൾ സംയുക്തമായി 28 മുതൽ തിരുവനന്തപുരം എസ്.എൽ.ബി.സിയുടെ മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. രാവിലെ 10ന് പ്രതിഷേധ റാലി തിരുവനന്തപുരം ആർ.ബി.ഐയുടെ മുന്നിൽ നിന്നും സെപെൻസർ ജംഗ്ഷനിലുള്ള എസ്.എൽ.ബി.സിയുടെ മുന്നിലെത്തിച്ചേരും.
പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായികളുടെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട അക്കൗണ്ടുകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പലവട്ടം കൂടിയ കമ്മറ്റിയിൽ നിന്നും കേരള സർക്കാർ പുറപ്പെടുവിച്ച ഗവൺമെന്റ് ഓർഡർ ബാങ്കുകൾ അംഗീകരിക്കാതെ ഈ വ്യവസായത്തിന്റെ സമ്പന്ന കാലത്ത് അതിന്റെ നേട്ടം കൊയ്ത് ആപത്തു കാലത്ത് കൈപിടിച്ചുയർത്താതെ ചവിട്ടിത്താഴ്ത്തുന്ന ബാങ്കുകളുടെഅനീതിക്കെതിരെയാണ് ഈ സമരം.
എസ്.എൽ.ബി.സി മുന്നിട്ടുനിന്ന് മറ്റു ബാങ്കുകളെ കൂടി കൊണ്ട് ജപ്തി നടപടികളും ഇ ഓക്ഷനും ഉൾപ്പെടെയുള്ള കിരാത നടപടികൾ അവസാനിപ്പിച്ചു ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഗവൺമെന്റ് ഓർഡർ പ്രകാരം നടപ്പാക്കാൻ മുൻകൈയെടുക്കണം, നാളിതുവരെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട എല്ലാ വ്യവസായികളെയും ഈ ഗവൺമെന്റ് ഓർഡറിൽ ഉൾപ്പെടുത്തുക, പിഴപ്പലിശയുടെ പേരിൽ വ്യവസായികളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അട്ടിമറിക്കുന്നത് നിർത്തുക, പലിശരഹിത ഒരു വർഷ തിരിച്ചടവ് കാലാവധി നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എം. നൗഷാദ് എം.എൽ.എ, വി. ജോയ് എം.എൽ.എ, സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ തുടങ്ങിയവർ സംസാരിക്കുമെന്ന് സംയുക്ത സമര സമിതി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.