ഐ.എസ് കേസ്: നാല് യുവാക്കള്‍കൂടി ഉള്‍പ്പെട്ടതായി എന്‍.ഐ.എ

കൊച്ചി: കേരളത്തിലെ ഐ.എസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ നാല് യുവാക്കള്‍കൂടി ഉള്‍പ്പെട്ടതായി എന്‍.ഐ.എ. അന്വേഷണസംഘം രഹസ്യമായി കോടതിയില്‍ നല്‍കിയ പ്രഥമവിവര റിപ്പോര്‍ട്ടിലാണ് ഇവരുടെ പേരുവിവരം അടക്കമുള്ള വിശദാംശങ്ങളുള്ളത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അലി എന്ന മുഹമ്മദ് ഫയാസ് അബ്ദുസ്സലാം, കോയമ്പത്തൂര്‍ സൗത് ഉക്കടം സ്വദേശി നവാസ്, കോയമ്പത്തൂര്‍ കറുമ്പുകടൈ സ്വദേശി ശൈഖ് ഷഫീഉല്ല, വെമ്പായം കന്യാകുളങ്ങര സ്വദേശി സിദ്ദീഖുല്‍ അസ്ലം എന്നിവരെയാണ് അഞ്ചുമുതല്‍ എട്ടുവരെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
നേരത്തേ തൊടുപുഴ സ്വദേശി സുബ്ഹാനി അടക്കമുള്ളവരുടെ വിവരങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടെങ്കിലും നാലുപേരുടേത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഐ.എസുമായി  ബന്ധപ്പെട്ട് ഇവരടക്കം15ഓളം പേര്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ കേസില്‍ 10 പേരുടെ വിവരങ്ങളാണ് പുറത്തുവന്നത്. മറ്റുള്ളവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു.
രഹസ്യയോഗം ചേര്‍ന്ന പ്രതികള്‍ ചില പ്രമുഖരെയും സ്ഥലങ്ങളും ആക്രമിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്നതായാണ് ആരോപണം. എന്നാല്‍, ഈ പ്രമുഖര്‍ ആരൊക്കെയാണെന്നോ സ്ഥലങ്ങള്‍ ഏതാണെന്നോ റിപ്പോര്‍ട്ടിലില്ല. തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ ഇഴചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ് ഐ.എസിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ രഹസ്യ കാമ്പയിന്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ പറയുന്നുണ്ട്. ഉമര്‍ അല്‍ഹിന്ദി എന്ന പേരില്‍ അറിയപ്പെടുന്ന മന്‍സീദാണ് സംഘത്തിന്‍െറ നേതാവ്. ഇയാള്‍ മറ്റ് പ്രതികളുമായി ഇന്‍റര്‍നെറ്റ് വഴിയും മറ്റും ബന്ധം സ്ഥാപിച്ചിരുന്നതായും ദേശീയ അന്വേഷണ ഏജന്‍സി പറയുന്നു.
ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബൂഹസ്ന എന്ന സ്വാലിഹ് മുഹമ്മദ് (26), കോയമ്പത്തൂര്‍ ജി.എം സ്ട്രീറ്റില്‍ റാഷിദ് എന്ന അബൂബഷീര്‍ (29), കോഴിക്കോട് കുറ്റ്യാടി നങ്ങീലന്‍കുടിയില്‍ ആമു എന്ന റംഷാദ് (24), മലപ്പുറം തിരൂര്‍ പൊന്മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ പി. സഫ്വാന്‍ (30), കുറ്റ്യാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിം (25), തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

 

Tags:    
News Summary - is case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.