വേടന് പുലിപ്പല്ല് നൽകിയത് രഞ്ജിത്ത് കുമ്പിടിയെന്ന്; ജാമ്യമില്ലാ കുറ്റം, ഇന്ന് കോടതിയിൽ ഹാജരാക്കും

തൃപ്പൂണിത്തുറ: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടൻ എന്ന വി.എം. ഹിരൺദാസി(30)ന്‍റെ മാലയിലുള്ളത് യഥാർഥ പുലിപ്പല്ലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ. മലേഷ്യൻ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ് തനിക്ക് ഇത് സമ്മാനിച്ചതെന്ന് വേടൻ മൊഴിനൽകി. തമിഴ്നാട്ടിൽ പരിപാടി നടത്തിയപ്പോഴാണ് ലഭിച്ചതെന്നും വേടൻ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇതോടെ വേടനെതിരെ പുലിപ്പല്ല് മാലയുടെ പേരിൽ വനം വകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. കുറ്റം തെളിഞ്ഞാൽ മൂന്നുമുതൽ ഏഴുവർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.

ആദ്യം തായ്ലൻഡിൽനിന്നും എത്തിച്ച പുലിപ്പല്ലാണെന്നായിരുന്നു മൊഴി. പുലിപ്പല്ല് കൈവശം വെക്കുന്നത് ഇന്ത്യയിൽ ജാമ്യമില്ലാ കുറ്റമാണ്. വിദേശത്തുനിന്ന് എത്തിച്ചാലും കുറ്റകരമാണ്. വൈദ്യ പരിശോധനക്ക് ആശുപത്രിയിലെത്തിച്ച വേടൻ തനിക്ക് പറയാനുള്ളത് പിന്നെ പറയാമെന്ന് പ്രതികരിച്ചു.

തിങ്കളാഴ്ച രാവിലെ 11ഓടെ വൈറ്റില കണിയാമ്പുഴക്ക് സമീപത്തെ സ്വാസ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഉൾപ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടർന്നാണ് ഫ്ലാറ്റിൽനിന്ന് ആറ് ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും 11 മൊബൈൽ ഫോണും പിടിച്ചെടുത്തത്. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണ് പണമെന്നാണ് വേടൻ അറിയിച്ചത്.

വേടൻ എന്ന് അറിയപ്പെടുന്ന തൃശൂർ മുളങ്കുന്നത്തുകാവ് വടക്കേപ്പുരയിൽ വീട്ടിൽ വി.എം. ഹിരൺദാസ് (30), ട്രൂപ് അംഗങ്ങളായ പത്തനംതിട്ട ആറന്മുള ചെമ്പകമംഗലത്തുവില്ല വിനായക് മോഹൻ (30), തിരുവനന്തപുരം പാപ്പനംകോട് കൈമനം അമൃതനഗർ ശ്രീകൈലാസത്തിൽ വൈഷ്ണവ് ജി. പിള്ള (24), മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി കരന്തോടി വീട്ടിൽ കെ. ജാഫർ (29), പാപ്പനംകോട് കൈമനം അമൃതനഗർ ശ്രീകൈലാസത്തിൽ വിഘ്നേഷ് ജി. പിള്ള (27), തൃശൂർ പറളിക്കാട് ഇല്ലിക്കോട്ടിൽ വീട്ടിൽ കശ്യപ് ഭാസ്കർ (26), വടക്കൻ പറവൂർ മന്നം കയ്യാലപ്പറമ്പിൽ വീട്ടിൽ കെ.ഡബ്ല്യു. വിഷ്ണു (26), കോട്ടയം മീനടം വട്ടുക്കുന്ന് വെങ്ങാശ്ശേരിൽ വീട്ടിൽ വിമൽ സി. ജോയി (23), തൃശൂർ മാള മണിയങ്കാവ് സൗത്ത് പുത്തൻചിറ വട്ടപ്പറമ്പിൽ വീട്ടിൽ വി.എസ്. ഹേമന്ത് (22) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രിയാണ് വേടനുൾെപ്പട്ട സംഘം പരിപാടി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയതെന്ന് പറയുന്നു. പരിശോധനക്ക് പൊലീസ് എത്തുമ്പോൾ എല്ലാവരും വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ ബാച്ചിലർ പാർട്ടി നടന്നതായി പറയപ്പെടുന്നു. വേടനും മറ്റ് സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആഷിഖ് എന്നയാളാണ് കഞ്ചാവ് നൽകിയതെന്ന് മൊഴി നൽകിയിട്ടുണ്ട്. ഫ്ലാറ്റിൽനിന്ന് മഴുവും വാക്കത്തിയും കണ്ടെത്തി. ഇത് സ്റ്റേജ് ഷോക്ക് ഉപയോഗിക്കുന്നതാണെന്ന് പറയുന്നു.

Tags:    
News Summary - Case registered against rapper Vedan for wearing tiger tooth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.