സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ എത്തിയപ്പോൾ (ഫോട്ടോ: ബിമൽ തമ്പി)

സുരേഷ് ഗോപി നടക്കാവ് സ്റ്റേഷനിൽ; സ്റ്റേഷന് പുറത്ത് ബി.ജെ.പി പ്രവർത്തകർ, സംഘർഷം

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സിനിമ താരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി പൊലീസിന് മുന്നിൽ ഹാജരായി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. സംഭവത്തിൽ ഐ.പി.സി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു.

അതേസമയം, സുരേഷ് ഗോപിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, വി.കെ. സജീവൻ അടക്കമുള്ള നേതാക്കളും അഭിഭാഷകരും അനുഗമിച്ചു. സ്റ്റേഷന് പുറത്ത് താരത്തെ പിന്തുണച്ച് ബി.ജെ.പി പ്രവർത്തകരും തടിച്ചുകൂടി. ജാഥയായി സ്റ്റേഷനിലെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചു. ഇതേതുടർന്ന് കണ്ണൂരിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. തുടർന്ന് ബസുകൾ വഴിതിരിച്ചുവിട്ടു.

നടക്കാവ് പൊലീസ് സ്റ്റേഷന് മുമ്പിൽ തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ

ഇന്ന് തന്നെ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആയതിനാൽ ജാമ്യവും നൽകിയേക്കും. 18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു.

കഴിഞ്ഞ മാസം 27നാണ് കേസി‌നാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മീഡിയവൺ സ്പെഷ്യൽ കറസ്പോണ്ടന്‍റിനെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.


തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

Tags:    
News Summary - Case of insulting media Person; Suresh Gopi appeared at Nadakkavu station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.