തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ലൈംഗിക ചൂഷണ പരാതിയിൽ അതിജീവിതയുടെ മൊഴി നിർണായകമാകും. ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം.
പരാതി നൽകിയിട്ടില്ലെങ്കിലും ഇവർ മൊഴി നൽകുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശ്വാസം. ഇതിലൂടെ കേസിന് ബലം നൽകുന്ന നിർണായക തെളിവ് ലഭിച്ചേക്കും. മൊഴിയെടുപ്പിനുള്ള നടപടിയിലേക്ക് അന്വേഷണ സംഘം തിങ്കളാഴ്ച കടക്കും. രാഹുലിനെതിരെ രംഗത്തെത്തിയ റിനി ജോർജ്, അവന്തിക, ഹണി ഭാസ്കർ എന്നിവരുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്തും.
നിലവിൽ 13 പരാതികൾ ലഭിച്ചിട്ടുണ്ട്. എല്ലാം മൂന്നാം കക്ഷികളുടേതാണ്. പൊലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകിയവർ കുറവാണ്. ഒന്നോ രണ്ടോ പരാതികൾ മാത്രമാണ് ഇങ്ങനെ ലഭിച്ചത്. ബാക്കിയെല്ലാം ഇ-മെയിൽ വഴിയാണ്. പരാതിക്കാരെ വിളിച്ചുവരുത്തി എഴുതി വാങ്ങാനാണ് നീക്കം. കൂടുതൽ വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കിൽ ശേഖരിക്കും. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ നൽകിയ പരാതികളാണ് ഏറെയും. സ്ത്രീകളെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അതേസമയം, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകളുണ്ടാക്കിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ മാങ്കൂട്ടത്തിലിന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകും. ഹാജരായില്ലെങ്കിൽ കോടതിയെ സമീപിക്കും. കേസിൽ അന്വേഷണസംഘം ആവശ്യപ്പെട്ട വിവരങ്ങൾ യൂത്ത് കോൺഗ്രസ് നേതൃത്വം നൽകിയിട്ടില്ല. ഈ ആവശ്യമുന്നയിച്ച് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടിട്ടും മൊബൈൽ ആപ്പിന്റെ വിവരം നൽകിയിട്ടില്ല. അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.