ഡൽഹി സേക്രഡ് ഹാർട്ട് പള്ളി

ഡൽഹി പൊലീസ് ‘ഓശാന ഞായർ’ തടഞ്ഞതിനെ ന്യായീകരിച്ച് കാസ: ‘മലയാള മാധ്യമങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കുന്നു, യാഥാർഥ്യം തിരിച്ചറിയുക’

ന്യൂഡൽഹി: ഓശാന ഞായർ ദിനത്തിൽ ഡൽഹി ലത്തീൻ അതിരൂപത നടത്താൻ നിശ്ചയിച്ചിരുന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസ് നടപടിയെ ന്യായീകരിച്ച് തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ കാസ. ഡൽഹി പൊലീസ് ഓശാന ഞായറിൽ ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിലേക്ക് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് ശരിയാണെന്നും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചതെന്നും കാസ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4.30ഓടെ പള്ളിയോട് ചേർന്നുള്ള സ്കൂൾ മൈതാനത്താണ് കുരിശിന്റെ വഴി ചടങ്ങുകൾ പൂർത്തിയാക്കിയത്.

2022ൽ മുതൽ കഴിഞ്ഞ മൂന്ന് വർഷമായി വിശ്വഹിന്ദു പരിഷത്തിന്റെ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് ഡൽഹിയിൽ വിലക്കുള്ളത് ചൂണ്ടിക്കാട്ടിയാണ് ഓശാന ഞായർ വിലക്കി​നെ കാസ ന്യായീകരിക്കുന്നത്. ‘രണ്ട് വാർത്തകളിൽ മാധ്യമങ്ങൾ മുൻഗണന കൊടുക്കുന്നത് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ പറ്റും എന്ന് ബോധ്യമുള്ള വാർത്തയ്ക്ക് മാത്രം. കഴിഞ്ഞ വർഷങ്ങളിൽ ഡൽഹി പൊലീസ് രാമനവമി, ദുർഗ്ഗാ പൂജ, തുടങ്ങിയ ആഘോഷങ്ങളുടെ പൊതുവഴികളിലുള്ള പരിപാടികൾക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.

2023ൽ ജഹാംഗിർപുരിയിൽ രാമനവമി ആഘോഷങ്ങൾക്കും റമദാൻ പരിപാടികൾക്കും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. 2022ൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്താണ് പൊലീസ് ഇങ്ങനെയൊരു നിലപാട് എടുത്തത്. പൊതുസ്ഥലങ്ങളിൽ മതപരമായ ആഘോഷങ്ങൾ നടത്തുന്നതിന് അനുമതി നിഷേധിക്കുന്നത് സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണ്. ഇതിനൊക്കെ വലിയ വാർത്ത പ്രാധാന്യമാണ് ഈ സമയത്തു കുത്തിത്തിരിപ്പുണ്ടാക്കാൻ മലയാളം മധ്യമങ്ങൾ നൽകുന്നത്. യഥാർത്ഥ്യങ്ങൾ തിരിച്ചറിയുക’ -കാസ കുറിപ്പിൽ പറയുന്നു.

എന്നാൽ, ഈ വാദം അടിസ്ഥാന രഹിതമാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് താര ടോജോ അലക്സ് ചൂണ്ടിക്കാട്ടുന്നു. 2022 ഏപ്രിൽ 16 ന് ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്ത് ഹനുമാൻ ജയന്തി ദിനത്തിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ അങ്കിത് ശർമ എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്നാണ് തുടർ വർഷങ്ങളിൽ ഹനുമാൻ ജയന്തി ആഘോഷം വിലക്കിയത്. ‘ആയിരക്കണക്കിന് സംഘികൾ വാളും പരിചയും എടുത്ത് റോഡിൽ നിന്ന് തുള്ളുന്നതിന് യാതൊരു പ്രശ്നവുമില്ല. ഓശാന ഞായറാഴ്ച ക്രിസ്തീയ വിശ്വാസികൾ കുരുത്തോല പിടിച്ച് സമാധാനത്തോടെ പ്രദക്ഷിണം നടത്തുന്നത് സുരക്ഷാ ഭീഷണിയാണത്രെ. ബിജെപിക്ക് ഓശാന പാടുന്ന ക്രിസംഘികളോടാണ്... ഒരു കരണത്തടിച്ചാൽ മറ്റേ കരണവും കാണിച്ചു കൊടുക്കാൻ മറന്നു പോകല്ലേ...’ -അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘2022ലെ അക്രമത്തിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥർക്കും നിരവധി മനുഷ്യർക്കും പരിക്കേറ്റു. അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തി ഡൽഹി പൊലീസ് 45 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ആകെ 25 പേരെ അറസ്റ്റ് ചെയ്തു, രണ്ട് പ്രായപൂർത്തിയാകാത്തവരെയും കസ്റ്റഡിയിലെടുത്തു. ഈ കാരണങ്ങൾ കൊണ്ടാണ് ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ദേശീയ തലസ്ഥാനത്തെ ജഹാംഗീർപുരിയിൽ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന 'ശോഭ യാത്ര'യ്ക്ക് ഡൽഹി പോലീസ് കഴിഞ്ഞ മൂന്നു വർഷങ്ങളായി അനുമതി നിഷേധിച്ചു വരുന്നത്.

വലതുപക്ഷ ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളുമായി ആ ദിവസം സംഘടിപ്പിച്ച മൂന്ന് ഘോഷയാത്രകളിൽ അവസാനത്തേതിനിടെയാണ് സംഘർഷം ഉണ്ടായത്. വാളുകളും പിസ്റ്റളുകളും വീശിയടിച്ച് ഘോഷയാത്ര നടത്തിയ സംഘികൾ, മുസ്‍ലിംകൾ റമദാൻ പ്രാർത്ഥന നടത്തുകയായിരുന്ന പള്ളിക്ക് സമീപം ഘോഷയാത്ര നിർത്തി, ഉച്ചഭാഷിണികളിൽ നിന്ന് ഉച്ചത്തിൽ സംഗീതം മുഴക്കുകയും അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. അങ്ങനെ ഇതിനെ തുടർന്ന് വർഗീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അത് കല്ലെറിയൽ, തീവയ്പ്പ്, വെടിവയ്പ്പ് എന്നിവയിലേക്ക് വരെ കൊണ്ടെത്തിച്ചു. അക്രമത്തിൽ അങ്കിത് ശർമ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. എട്ട് പോലീസ് ഉദ്യോഗസ്ഥർക്കും നിരവധി മനുഷ്യർക്കും പരിക്കേറ്റു. ഈ കാരണങ്ങൾ കൊണ്ടാണ് ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ദേശീയ തലസ്ഥാനത്തെ ജഹാംഗീർപുരിയിൽ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന 'ശോഭ യാത്ര'യ്ക്ക് ഡൽഹി പൊലീസ് കഴിഞ്ഞ മൂന്നു വർഷങ്ങളായി അനുമതി നിഷേധിച്ചു വരുന്നത്.

ക്രിസ്തുമതം ഇന്ത്യയിലേക്ക് കടന്ന് വന്ന എ.ഡി. 52 മുതൽ ഇന്നുവരെയുള്ള 2000 ൽ പരം വർഷം കാലയളവിൽ ഏതെങ്കിലും ഒരു ക്രിസ്തീയ ഘോഷയാത്രയ്ക്കിടയിൽ ആയുധങ്ങൾ എടുത്ത് ഭീതി പടർത്തിയതായൊ കല്ലെറിഞ്ഞതായോ. വെടിവെപ്പുണ്ടായതായോ ചരിത്രത്തിൽ എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ. സംഘികൾക്ക് വെട്ടും കുത്തുമില്ലാതെ സമാധാനപരമായിട്ട് ഒരു പരിപാടി പോലും നടത്താനുള്ള കെൽപ്പില്ലാത്തത് കൊണ്ട്, ഇന്ത്യ മഹാരാജ്യത്തെ ബാക്കിയുള്ള ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യൻ വിശ്വാസികളും സാധാരണ ജനങ്ങളും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കണം എന്നാണോ’ -താര കുറിപ്പിൽ ചോദിച്ചു.

Tags:    
News Summary - Casa support Delhi Police's Denial of Permission For Palm Sunday Procession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.