ആദിവാസികളെ മറയാക്കി വനഭൂമിയിൽ ഏലകൃഷി

അടിമാലി: ആദിവാസികളെ മറയാക്കി വനമേഖലയില്‍ ഏലം കൃഷി. അടിമാലി, മാങ്കുളം, റേഞ്ചുകളിലാണ് വലിയതോതില്‍ വനഭൂമി കൈയ്യേറി ഏലകൃഷി നടത്തുന്നത്. തലമാലി, പീച്ചാട്, പ്ലാമല, വട്ടയാര്‍, കട്ടമുടി, പെട്ടിമുടി, നൂറാംകര, കൊടകല്ല് മേഖലയിലാണ് ആദിവാസികളുടെ മറവില്‍  ഹെക്ടര്‍കണക്കിന് സ്ഥലത്ത് ഏലം കൃഷി ഇറക്കുന്നത്.

ആദിവാസി ഊരുകളോട് ചേര്‍ന്നുളള വനഭൂമി കൈയ്യേറി നടക്കുന്ന ഏലംകൃഷിക്ക് ചില വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയുമുണ്ട്. ഇത്തരത്തില്‍ മാങ്കുളം റേഞ്ചില്‍ അടുത്തിടെ രണ്ടു ഏക്കര്‍ ഭൂമി വനപാലകര്‍ തിരിച്ച് പിടിച്ചിരുന്നു. ഇത്തരത്തില്‍ ഏറ്റവും കൂടുല്‍ കൈയ്യേറ്റം നടന്നിരിക്കുന്നത് മച്ചിപ്ലാവ് സ്റ്റേഷന്‍ പരിതിയിലാണ്. കൈയ്യേറ്റവും വനനശീകരണവും നടന്നിട്ടും വനപാലകര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

പുറമെ നിന്ന് എത്തുന്നവര്‍ പ്രദേശത്ത് താമസിക്കുന്ന ആദിവാസികളുമായി പാട്ട വ്യവസ്ഥയില്‍ കൃഷിചെയ്യുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതാണ്​ രീതി. ഒരേക്കര്‍ ഭൂമിക്ക് 15000 രൂപയാണ് പാട്ടത്തുക. ഇങ്ങനെ ഒന്നോ രണ്ടോ ഏക്കര്‍ ഭൂമിക്ക് പാട്ടകരാര്‍ നിര്‍മ്മിക്കുന്നവര്‍ 5 മുതല്‍ 10 ഏക്കര്‍ ഭൂമിയില്‍ ഏലകൃഷി ആരംഭിക്കും.ഷോല ഫോറസ്റ്റിന്‍റെ ഭാഗമായി കിടക്കുന്ന വനത്തില്‍ അടിക്കാടുകള്‍ വെട്ടിമാറ്റി മണ്ണിളക്കി ഏലകൃഷി ഇറക്കു​​േമ്പാൾ വ്യാപകമായി ജൈവ സമ്പത്ത് നശിക്കുകയും വന്യമൃഗങ്ങലുടെ ആവാസ വ്യവസ്ഥ തകരുകയും ചെയ്യും. ഇതോടെ വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങും.

വന്യമൃഗങ്ങൾ കൃഷിയിടങ്ങളില്‍ പ്രവേശിക്കാതിരിക്കാന്‍ തോക്ക് ഉല്‍പ്പെടെയുളള സന്നാഹത്തോടെ കാവല്‍ ഏര്‍പ്പെടുത്തിയാണ് ഏലത്തോട്ടങ്ങള്‍ സംരക്ഷിക്കുന്നത്. .

ആദിവസികളുടെ ഭൂമിയില്‍ പുറത്ത് നിന്നുളളവരുടെ കൈയ്യേറ്റം ശ്രദ്ധയില്‍ വന്നാല്‍ നടപടിക്ക് വനംവകുപ്പിന് നിയമമുണ്ട്. എന്നാല്‍ കൈയ്യേറ്റ കാര്‍ക്ക് ഒപ്പമാണ് വനംവകുപ്പിലെ ചില ജീവനക്കാര്‍. ഈ വര്‍ഷം തന്നെ ഈ മേഖലയില്‍ മാത്രം 200 ഹെക്ടറിന് മുകളില്‍ ഭൂമി കൈയ്യേറിയതായാണ് വിവരം. മേഖലയില്‍ വന്‍മരങ്ങള്‍ വെട്ടി കടത്തുന്നതായും വിവരമുണ്ട്. ഏലകൃഷിയിടങ്ങളിലേക്ക് വളവും തൊഴിലാളികളേയും എത്തിക്കുന്നതിന് വ്യാപകമായി റോഡ് നിര്‍മ്മിക്കുന്നുണ്ട്​.

മലയാറ്റൂര്‍ വനം ഡിവിഷന് കീഴില്‍ ബ്ലോക്ക് നമ്പർ 5 റിസര്‍വ്വ് വനമേഖലയാണ്.1977 ന് മുമ്പ്​ മുതല്‍ കൈവശക്കാരാണെന്ന് കാട്ടി കോടതി ഇടപെടലിലൂടെ ആദിവാസികളൂടെ ഭൂമി കൈവശപ്പെടുത്തുന്നവരുമുണ്ട്. ചിലയിടങ്ങളില്‍ വനംവകുപ്പ് ഭൂമി തിരിച്ച് പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും സംഘടിത ശക്തിക്ക് മുന്നില്‍ വനംവകുപ്പിന് പിന്‍മാറേണ്ടിയും വന്നു. കുരുശുപാറ-പ്ലമാല മേഖലയിലാണ് കൂടുതല്‍ ഭൂമി ഇത്തരത്തില്‍ വനംവകുപ്പിന് നഷ്ടമായത്.

Tags:    
News Summary - Cardamom cultivation in forest lands under the cover of Tribal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.