കോഴിക്കോട്: സ്കുൾസമയമാറ്റം സംബന്ധിച്ച് വി.ശിവൻകുട്ടിയുടെ പരാമർശത്തിനെതിരെ സമസ്ത. സ്കൂൾ സമയമാറ്റം അംഗീകരിക്കില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രിമുത്തുകോയ തങ്ങൾ. ഇക്കാര്യത്തിൽ മാന്യമായി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമുദായത്തിന്റെ കൂടി വോട്ട് വാങ്ങിയാണ് ഭരിക്കുന്നത്. അതുകൊണ്ട് പ്രശ്നത്തിൽ ഇടപെടാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ സമരം ചെയ്തിട്ടും കാര്യമില്ല, ഒന്നും അംഗീകരിക്കില്ലെന്ന നിലപാട് ശരിയല്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. വിഷയത്തിൽ അവഗണിക്കപ്പെട്ടുവെന്ന തോന്നൽ സമസ്തക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ശിവൻകുട്ടിയുടെ ശൈലി ശരിയല്ലെന്ന പരോക്ഷ വിമർശനവും ജിഫ്രിമുത്തുകോയ തങ്ങൾ ഉന്നയിച്ചു.
സ്കൂൾസമയമാറ്റം സർക്കാറിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. 37 ലക്ഷം വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണിത്. ഒരു വിഭാഗത്തിന് മാത്രമായി സൗകര്യം ചെയ്ത് കൊടുക്കാനാവില്ല. സമയമാറ്റം കൊണ്ട് പ്രശ്നമുണ്ടാവുന്നവർ അവരുടെ സമയം ക്രമീകരിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ സർക്കാറിനെ വിരട്ടാൻ നോക്കേണ്ടെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്കൂൾ സമയമാറ്റം മുസ്ലിം സമുദായത്തിന്റെ മദ്റസ വിദ്യാഭ്യാസ സംവിധാനത്തെ സാരമായി ബാധിക്കുമെന്നും ഇതിനെതിരെ അന്തിമ വിജയം നേടുംവരെ പോരാടുമെന്നും സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ (എസ്.കെ.എം.എം.എ) പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ പുനരാലോചിച്ച് ഉത്തമ തീരുമാനമെടുക്കണമെന്നും സമരപ്രഖ്യാപനം നടത്തിയ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സർക്കാർ മതസംഘടനകളുമായി കൂടിയാലോചന നടത്തിയിട്ടില്ല. മുസ്ലിംകൾക്ക് മതവിദ്യാഭ്യാസം നിർബന്ധമാണ്. മദ്റസ സമയത്തിൽ ഒന്നും കുറക്കാൻ കഴിയില്ല. ഈ പഠനസമയത്തെ ബാധിക്കാത്ത രീതിയിൽതന്നെ സ്കൂൾ സമയം ക്രമീകരിക്കാവുന്നതാണ്. കൂടിയാലോചനയില്ലാതെ ഇത്തരമൊരു നീക്കം സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടയതിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.