ഒട്ടകപ്പാലു കൊണ്ട് നോമ്പ് തുറന്ന ഇടയ യുവതി

പട്ടിണിയോളമെത്തിയ ദാരിദ്ര്യത്തിന് നടുവിലായിരുന്നിട്ടും രോഗിയായ ഉമ്മയുടെയും സ്വന്തം മക്കളുടെയും കൂടെ ഇക്കുറിയെങ്കിലും ഒരു റമദാൻ​ േനാമ്പ്​ നോൽക്കണം. കഴിഞ്ഞ 16 വര്‍ഷക്കാലം നാട്ടിലെ നോമ്പു കാണാനാവാതെ ഗള്‍ഫില്‍ കഴിയേണ്ടിവന്നതി​​​െൻറ സങ്കടങ്ങൾ തീർക്കണം. ഇതുപോലൊരു നോമ്പുകാലത്തിനായി വര്‍ഷങ്ങളായി കാത്തിരിപ്പിലായിരുന്നു സൈനുല്‍ അറബിയ എന്ന തമിഴ് യുവതി. 16ാം വയസ്സില്‍ തുടങ്ങിയ പ്രവാസത്തിന്​ 16 വര്‍ഷം പൂര്‍ത്തിയാക്കിയാണ് സൈനുല്‍ അറബിയ ദുരിതങ്ങളുടെ മരുഭൂമിയില്‍നിന്ന് മാസങ്ങൾക്കുമുമ്പ്​ നാട്ടിലെത്തിയത്​. പ​ക്ഷേ, അവരുടെ മോഹം ഇക്കുറിയും സഫലമായില്ല. നോമ്പിന്​ കാത്തിരുന്നാൽ ത​​​െൻറ കുടുംബം പട്ടിണികിടന്നു മരിക്കേണ്ടിവരും. വീട്ടിലെ ദുരിതങ്ങൾക്കും ​ഉമ്മയുടെ ചികിത്സക്കും പണം കണ്ടെത്താൻ നോമ്പിന്​ തൊട്ടുമുമ്പ്​ വീണ്ടും പ്രവാസിയാകേണ്ടിവന്നു സൈനുൽ അറബിയക്ക്. ഇക്കുറി അവർ വന്നെത്തിയത്​ ദുബൈയിലേക്കാണെന്നു മാത്രം.

ആഗ്രഹിച്ചതൊന്നും നേടാൻ കഴിയാത്ത ജീവിതത്തി​​​െൻറ തുടർച്ചയെ​േന്നാണം. യൗവനകാലത്തെ ഏഴു വര്‍ഷം തുടര്‍ച്ചയായി ഇടയ ജോലിയിലേര്‍പ്പെട്ട് ദിക്കറിയാത്ത മരുഭൂമിയില്‍ പെട്ടുപോയ അനുഭവമാണ് സൈനുല്‍ അറബിയയുടേത്. നമുക്ക് സങ്കൽപിക്കാന്‍പോലുമാകാത്ത ദുരിതജീവിതം. പട്ടിണിയും പരിവട്ടവുമായി നാട്ടില്‍ കഴിയാനാവാതെയാണ് കത്തുന്ന യൗവനത്തില്‍ അന്ന്​ സൈനുല്‍ അറബിയ വീട്ടുവേലക്കാരിയുടെ വിസയില്‍ ഖത്തറില്‍ ജോലിക്കെത്തിയത്. ദിവസങ്ങള്‍ക്കകം സ്‌പോണ്‍സര്‍ ഇവരെ സൗദിയിലേക്ക് കൊണ്ടുപോയി, ചെന്നെത്തിയത് ദിക്കറിയാത്ത മരുഭൂമിയുടെ നടുവില്‍. നൂറ് ഒട്ടകങ്ങളെയും നൂറ്റമ്പതോളം ആടുകളെയും മേയ്​ക്കാനായിരുന്നു നിയോഗം. അങ്ങനെ നാട്ടിലേക്ക് വിളിക്കാന്‍പോലുമാവാതെ ഒറ്റപ്പെട്ട മരുഭൂമിയില്‍ ഏഴു വര്‍ഷക്കാലം ഇവര്‍ അക്ഷരാർഥത്തില്‍ ആടുജീവിതം നയിച്ചു.

ഇടയ ജോലിയിലേര്‍പ്പെട്ട പുരുഷന്മാരുടെ കഥകള്‍ മാത്രം കേട്ടവര്‍ക്കു മുന്നില്‍ ആടുജീവിതത്തി​​​െൻറ പെണ്‍പതിപ്പായി മാറുകയായിരുന്നു സൈനുല്‍ അറബിയ...
തണല്‍ കായാനൊരു മരം പോലുമില്ലാത്ത വരണ്ട മരുഭൂമിയിലെ ഏഴു നോമ്പുകാലങ്ങളെ സൈനുല്‍ അറബിയ ഓര്‍ത്തെടുക്കുകയാണ്...
ഉഷ്ണക്കാറ്റും പൊടിക്കാറ്റും വന്ന് മൂടിപ്പോയ അനുഭവങ്ങള്‍...
മരംകോച്ചുന്ന തണുപ്പില്‍ മരവിച്ചുനിന്ന ദിനങ്ങള്‍...
ഉഗ്രവിഷമുള്ള മരുഭൂമിയിലെ പാമ്പുകള്‍ക്ക് നടുവില്‍ പെട്ടുപോയതി​​​െൻറ ഭീതിപ്പെടുത്തുന്ന ഓർമകള്‍...
പേടിപ്പെടുത്തുന്ന നിശ്ശബ്​ദതയില്‍ വിറച്ചു വിറച്ചു നേരംവെളുപ്പിച്ച രാത്രികള്‍... 
ദിക്ക് മാത്രമല്ല, സ്ഥലകാലബോധംപോലും നഷ്​ടപ്പെട്ടുപോയിരുന്നു അന്ന്. പക്ഷേ, മരുഭൂമിയില്‍ മരവിച്ചുനിന്ന അക്കാലത്തും മനക്കരുത്ത് വീണ്ടെടുക്കാന്‍ സഹായിച്ചത് റമദാന്‍ നാളുകളായിരുന്നുവെന്നാണ് സൈനുല്‍ അറബിയ പറയുന്നത്. 

സൈനുല്‍ അറബിയ
 


മറ്റാരും കാണുന്നതിനുമുമ്പേ റമദാന്‍പിറ കാണുന്ന, ഇടയന്മാര്‍ക്കിടയിലെ ഈ പെണ്ണ് പിന്നെ ഒരു മാസക്കാലം ഉപാസനയും ഉപവാസവുമായി കഴിയും. മരുഭൂമിയുടെ നിശ്ശബ്​ദതയില്‍ പ്രാർഥിച്ച് നിര്‍വൃതിയടയും. ഇടയക്കൂട്ടങ്ങള്‍ക്കിടയില്‍ കട്ടന്‍ചായകൊണ്ട് നോമ്പെടുത്തും ഒട്ടകപ്പാലു കുടിച്ച് നോമ്പുതുറന്നും സൈനുല്‍ അറബിയയുടെ മരുഭൂ നോമ്പുകാലം വേറിട്ടുനിന്നു. വല്ലപ്പോഴും വരുന്ന സ്‌പോണ്‍സര്‍ കൊണ്ടുവരുന്ന മക്രോണി കഴിക്കാന്‍ പ്രമേഹരോഗം പിടികൂടിയ സൈനുല്‍ അറബിയക്കാവുമായിരുന്നില്ല. മണല്‍ക്കാറ്റ് കാരണം മണ്ണുപറ്റിയ ഉണക്കറൊട്ടിയും കട്ടന്‍ചായയുമായി ഏഴു വര്‍ഷത്തെ റമദാന്‍. 400 റിയാലായിരുന്നു ശമ്പളം, പെരുന്നാളിനുപോലും പുതുവസ്ത്രം ധരിക്കാനാവാത്ത ഏഴു വർഷങ്ങൾ കടന്നുപോയി. മൂന്നു മാസത്തിലൊരിക്കല്‍ ഖത്തറിലെ സ്‌പോണ്‍സറുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയും രേഖകള്‍ പുതുക്കി വേഗം സൗദി മരുഭൂമിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യും. അതിര്‍ത്തി കടക്കുമ്പോള്‍ ഉംറ ചെയ്യാനായി കൊണ്ടുപോവുകയാണെന്ന പതിവുകള്ളം ഒരിക്കലെങ്കിലും സത്യമാവുമെന്നവള്‍ മോഹിച്ചുപോയിരുന്നു. പിന്നെ രാത്രികളില്‍ കഅ്ബയെ കിനാവു കണ്ടു കിടക്കും. മക്കയും മദീനയുമെല്ലാം ഇന്നും മനസ്സിലിട്ട് താലോലിക്കുന്ന സ്വപ്നമാണ്... 

വിധിയുടെ കണ്ണീര്‍ക്കാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ മരുഭൂമിയില്‍ ഇവര്‍ കണ്ടുമുട്ടിയ ഏഴു പെണ്ണുങ്ങളെ മറക്കാനാവില്ല. ഇടയജോലിക്ക് നിര്‍ബന്ധിക്കപ്പെട്ട് മരുഭൂമിയിലെ തമ്പുകളിലെത്തിയ ഇവരെല്ലാവരും ആറു മാസത്തിനുള്ളില്‍ ഓടിരക്ഷപ്പെടുകയായിരുന്നു. രണ്ടു മുംബൈ സ്വദേശിനികളും ഒരു ഹൈദരാബാദുകാരിയും ഒരു ശ്രീലങ്കക്കാരിയും രണ്ട്​ ഇത്യോപ്യക്കാരും കൂട്ടത്തിലൊരു തമിഴ്‌നാട്ടുകാരിയും ഉണ്ടായിരുന്നതായി സൈനുല്‍ അറബിയ ഓര്‍ക്കുന്നു. അപ്പോഴും ഒറ്റപ്പെട്ട തമ്പില്‍ ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കുമൊപ്പം കഴിഞ്ഞുകൂടിയ താന്‍ 400 റിയാലി​​​െൻറ ശമ്പളം മോഹിച്ചായിരുന്നു പിടിച്ചുനിന്നതെന്നാണ് അറബിയയുടെ നിഷ്‌കളങ്കമായ മറുപടി.

ഏഴു വര്‍ഷത്തെ തുടര്‍ച്ചയായ ഇടയജീവിതത്തിനുശേഷം മരുഭൂമിയില്‍നിന്ന് രക്ഷപ്പെട്ട സൈനുല്‍ അറബിയ ഒരിക്കൽ മാത്രം നാട്ടിലെത്തി. ഉടൻ തന്നെ വീണ്ടും ഖത്തറിലേക്ക്​ മടങ്ങി. വിവിധ വീടുകളിലായിരുന്നു പിന്നീട്​ ജോലി. വീടുകളിൽ മാറിമാറി ജോലി ചെയ്ത ഇവര്‍ നിയമവിരുദ്ധ താമസക്കാരിയായതോടെ നാട്ടില്‍പോക്ക് പിന്നെയും മുടങ്ങി. നീണ്ട ഒമ്പതു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 2016 ഒക്ടോബറിലായിരുന്നു പൊതുമാപ്പി​​​െൻറ ആനുകൂല്യത്തില്‍ ഖത്തറില്‍നിന്നുള്ള മടക്കം. ദുരിതക്കടല്‍ താണ്ടി നാട്ടിലെത്തിയപ്പോഴേക്കും മറ്റൊരു വിവാഹം കഴിച്ച ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചിരുന്നു. ആകെ സമ്പാദിച്ച ഒന്നര ലക്ഷത്തോളം രൂപയുമായി ദോഹയില്‍ തന്നെ സഹായിക്കാമെന്നേറ്റ മലയാളിയും കടന്നുകളഞ്ഞു. ഒരു സന്നദ്ധസംഘടനയുടെ സഹായ വാഗ്​ദാനത്തില്‍ നാട്ടിലെത്തിയ തനിക്ക് അവരില്‍നിന്ന്​ സഹായം ലഭിച്ചില്ലെന്നാണ് ​െസെനുല്‍ അറബിയ പറയുന്നത്. 

തമിഴ്‌നാട്ടില്‍ തഞ്ചാവൂരിനടുത്ത് ഏര്‍വാടി റൂട്ടിലെ കമ്പപട്ടണം തേരാവൂരിലാണ് സൈനുല്‍ അറബിയയുടെ വീട്. ഒരു കൂരയെന്നുപോലും വിളിക്കാനാവാത്ത ഈ കൊച്ചുഷെഡിനകത്ത് കുഷ്ഠരോഗിയായ ഉമ്മയുമൊത്ത് കഴിയുകയാണവര്‍. മൂന്ന് പെണ്‍മക്കളില്‍ മൂത്തവള്‍ ആരുടെയോ സഹായത്താല്‍ ബോര്‍ഡിങ്ങില്‍ കഴിയുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന രണ്ടു പെണ്‍മക്കള്‍ തൊട്ടടുത്ത് സഹോദരിയുടെ വീട്ടിലാണ് അന്തിയുറങ്ങുന്നത്. ഈയിടെ രണ്ടു കാലുകളും കൈവിരലുകളും മുറിച്ചു മാറ്റേണ്ടിവന്ന ഉമ്മയുടെ മരുന്നിനു മാസം ഏഴായിരം രൂപ വേണം, മറ്റു ചെലവുകളും. നാട്ടിലെത്തിയപ്പോൾ ജീവിക്കാനായി രാവും പകലും വീട്ടിലിരുന്ന് ടെയ്​ലറിങ്​ ജോലിയില്‍ ഏര്‍പ്പെട്ടു. കഷ്​ടപ്പാടും കടവും വർധിച്ചത്​ മിച്ചം. വിസ കിട്ടിയ​േപ്പാൾ 16 വർഷമായി​ കൊതിയോടെ കാത്തിരുന്ന നാട്ടിലെ റമദാന്‍ മറന്ന്​ അവർ വിമാനം കയറി; നല്ല പ്രവാസസ്വപ്​നങ്ങൾക്കായി.

Tags:    
News Summary - camal milk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.