ഓഹരി വിപണിയിൽ പിഴച്ചു, 42 ലക്ഷം കടം വീട്ടാൻ എ.ടി.എം കവർച്ച; യുവ എൻജിനീയർ നടത്തിയത് കൃത്യമായ ആസൂത്രണം

കോഴിക്കോട്: കടം തീർക്കാൻ എ.ടി.എം കൊള്ളയടിക്കവെ പിടിയിലായ യുവ എൻജിനീയർ നടത്തിയത് കൃത്യമായ ആസൂത്രണം. 37കാരനായ മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂർ മോന്തയിൽ വീട്ടിൽ വിജേഷാണ് എ.ടി.എം. കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാര്‍ ശ്രമിക്കവെ പിടിയിലായത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍, കമ്പിപ്പാര, ചുറ്റിക, ലോക്കറിലെ ബോക്‌സ് കൊണ്ടുപോകുന്നതിനുള്ള ബാഗ് എന്നിവയുമായാണ് വിജേഷ് എത്തിയിരുന്നത്.

കടം പെരുകിയതോടെ വിജേഷ് ഒന്നരമാസം മുമ്പ് വീട്ടിൽനിന്നിറങ്ങിയതായിരുന്നു. തുടർന്ന് കോഴിക്കോട്ടെ വിവിധ ഡോര്‍മിറ്ററികളിൽ താമസിച്ചു. എ.ടി.എം കൊള്ളയടിക്കാൻ തീരുമാനിച്ചതോടെ ഇതേക്കുറിച്ച് യുട്യൂബിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. പ്രമുഖ കമ്പനിയുടെ കാഷ് സെറ്റ് വാങ്ങി ഇലക്ട്രിക്ക് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് പരിശീലനം നടത്തി. തുടർന്നാണ് ഏറെ ചുറ്റിയടിച്ച് നിരീക്ഷിച്ച ശേഷം പറമ്പില്‍ബസാറിനടുത്തുള്ള പറമ്പില്‍ക്കടവിലെ ഹിറ്റാച്ചി എ.ടി.എം കൊള്ളയടിക്കാൻ തെരഞ്ഞെടുത്തത്.

രാത്രി ഒരുകിലോമീറ്റര്‍ അകലെ കാര്‍ നിർത്തി നടന്നാണ് ഇയാൾ ഇവിടെ വന്നത്. എ.ടി.എം മുറിയുടെ സമീപത്തെ കടകളിലെ സി.സി.ടി.വി ക്യാമറകൾ മുകളിലേക്ക് തിരിച്ചുവെച്ചു. മഫ്‌ളര്‍ ഉപയോഗിച്ച് തലയും മുഖവും മറച്ച് എ.ടി.എം മുറിയിൽ കയറി ക്യാമറകളിൽ ദ്രാവകം സ്പ്രേ ചെയ്തു.

രാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം പുലര്‍ച്ചെ 2.20ന് ഇതുവഴി എത്തിയതോടെയാണ് ഇയാൾ പിടിയിലായത്. എ.ടി.എം മുറിയിൽ വെളിച്ചവും അസ്വാഭാവികശബ്ദവും കേട്ട് പൊലീസ് ശ്രദ്ധിച്ചതോടെ യുവാവ് പിടിയിലാകുകയായിരുന്നു.

Tags:    
News Summary - Calicut Parambil bazar ATM theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.