മന്ത്രിസഭാ പുന:സംഘടന: ഇടതു സര്‍ക്കാര്‍ സാമൂഹിക നീതി അട്ടിമറിക്കുന്നുവെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: പിന്നാക്ക പ്രാതിനിധ്യം വെട്ടിച്ചുരുക്കിയും മുന്നാക്ക പ്രാതിനിധ്യം വര്‍ധിപ്പിച്ചും മന്ത്രിസഭാ പുന:സംഘടനയിലൂടെ ഇടതു സര്‍ക്കാര്‍ സാമൂഹിക നീതി അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി.ഐ. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ പൊടിക്കൈകളിലൂടെ വാങ്ങുകയും അവരുടെ അവകാശങ്ങള്‍ക്ക് തുരങ്കം വെക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചുപോരുന്നത്.

സംസ്ഥാനത്തെ ജനസംഖ്യയില്‍ നാലിലൊന്നു വരുന്ന മുസ് ലീം വിഭാഗത്തിന്റെ പ്രാതിനിധ്യം നാമമാത്രമായി മാറിയിരിക്കുന്നു. ഈഴവ വിഭാഗത്തിനും അര്‍ഹമായ പ്രാതിനിധ്യമില്ല. ലത്തീന്‍ വിഭാഗത്തില്‍ നിന്ന് ആകെയുണ്ടായിരുന്ന ഒരു മന്ത്രിയും പുന:സംഘടനയോടെ ഇല്ലാതായിരിക്കുന്നു. ദലിത്, പിന്നാക്ക ക്രൈസ്തവര്‍, പട്ടിക വര്‍ഗം, നാടാര്‍ വിഭാഗങ്ങള്‍ക്ക് മന്ത്രി സഭയില്‍ പ്രാതിനിധ്യമേയില്ല. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് മന്ത്രിസഭയിലുള്ളത്.

സംസ്ഥാനത്തെ ക്രൈസ്തവ ജനസംഖ്യയില്‍ ഏകദേശം പകുതിയോളം വരുന്ന ദലിത് ക്രൈസ്തവര്‍ക്ക് നാളിതുവരെ ഒരു മന്ത്രി സ്ഥാനം പോലും ലഭിച്ചിട്ടില്ല. ജനസംഖ്യയില്‍ കേവലം 15 ശതമാനം മാത്രം വരുന്ന മുന്നാക്ക വിഭാഗത്തിന് 11 കാബിനറ്റും ഒരു ചീഫ് വിപ്പിനെയുമാണ് കേരളം നല്‍കിയിരിക്കുന്നത്. മന്ത്രി സഭയുടെ 60 ശതമാനം പ്രാതിനിധ്യം 15 ശതമാനത്തിന് നല്‍കുന്നത് ജനാധിപത്യവിരുദ്ധമാണ്.

സാമൂഹിക അസമത്വം ഇല്ലാതാക്കുന്നതിനും അധികാരത്തിലും വിഭവങ്ങളുടെ വിതരണത്തിലും അവസരങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുകയെന്നത് ഭരണഘടനയുടെ താല്‍പ്പര്യമാണ്. ഇതിനാവശ്യമായ ദിശാബോധം നല്‍കുന്ന ജാതി സെന്‍സസ് നടപ്പാക്കാൻ മുന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മേൽക്കൈ ഉള്ള ഒരു മന്ത്രിസഭക്ക് എങ്ങിനെയാണ് സാധ്യമാവുക. അവർണ ഭുരിപക്ഷത്തിന്റെ സാമ്പ്രദായികവും ഭരണഘടനാപരവുമായ സംവരണാനുകുല്യങ്ങളും അവകാശങ്ങളും അട്ടിമറിക്കുന്ന സമീപനമാണ് ഇടതുപക്ഷത്തിൽ നിന്നുണ്ടാവുന്നതെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Cabinet reshuffle: SDPI says Left government is subverting social justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.