ന്യൂഡൽഹി: കെനിയയിൽ വിനോദയാത്രാ സംഘം അപകടത്തിൽപെട്ട് മലയാളികൾ അടക്കമുള്ളവർ മരിച്ച സംഭവത്തിൽ അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി ഖത്തറിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ സേവനം തുടങ്ങി. +974 55097295 എന്ന മൊബൈൽ നമ്പറിൽ എംബസിയെ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
അപകട സ്ഥലത്തുള്ള നെയ്റോബിയിലെ ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥർ എല്ലാ സഹായങ്ങളും ലഭ്യമാക്കും. ഐ.സി.സി, ഐ.സി.ബി.എഫ്, ദോഹയിലെ മറ്റ് കമ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു. -ഖത്തറിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
കെനിയയിൽ അപകടത്തിൽപെട്ട ഖത്തറിൽ നിന്നുള്ള വിനോദയാത്രാ സംഘത്തിലെ മൂന്ന് വനിതകളും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് മലയാളികളാണ് മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്‍റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ സ്വദേശികളായ ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ 27 പേർക്ക് പരിക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണ്. മരിച്ച റിയയുടെ ഭർത്താവ് ജോയൽ ഗുരുതര പരിക്കുകളോടെ കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മകൻ ട്രാവിസും പരിക്കുകളോടെ ആശുപത്രിയിലാണ്. ജസ്നയുടെ ഭർത്താവ് തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫക്കും അപകടത്തിൽ പരിക്കേറ്റു.
അപകടവിവരം അറിഞ്ഞയുടനെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയതാവും നോർക്ക ഇടപ്പെട്ട തുടർ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കിയതായും കോങ്ങാട് എം.എൽ.എ അഡ്വ. ശാന്തകുമാരി ‘മാധ്യമ’ത്തോട് പറഞ്ഞു.
ജൂൺ ആറിന് ബലിപെരുന്നാൾ ദിനത്തിൽ ഖത്തറിൽ നിന്നും കെനിയയിലേക്ക് പോയ 28 പേർ അടങ്ങിയ വിനോദയാത്രാസംഘമാണ് മധ്യ കെനിയയിലെ ന്യാൻഡറുവ കൗണ്ടിയിൽ അപകടത്തിൽപെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. നയ്റോബിയിൽ നിന്നും 200ഓളം കിലോമീറ്റർ ദൂരെയാണ് സംഭവം.
കർണാടക, ഗോവ, കേരളം ഉൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർക്ക് സഹായങ്ങളുമായി കെനിയയിലെ കേരള അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്. ഖത്തറിൽ നിന്നും ട്രാവൽ ഏജൻസി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.
കനത്തമഴയിൽ വിനോദ സഞ്ചാരികളുടെ ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയിൽ ഒൽജോറോ-നകുരു ഹൈവേയിൽ നിയന്ത്രണംവിട്ട് തെന്നിനീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബസിന്‍റെ മേൽകൂരകൾ തകർന്ന നിലയിലാണ് താഴെ പതിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നകുരുവിൽ നിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരികളെ കൊണ്ടു പോവുകയായിരുന്നു ബസ്. ഖത്തറിൽ നിന്നും പെരുന്നാൾ അവധി ആഘോഷിക്കാൻ ജൂൺ ആറിനാണ് വിനോദയാത്രാ സംഘം ട്രാവൽ ഏജൻസിക്ക് കീഴിൽ യാത്രതിരിച്ചത്. ബുധനാഴ്ച ദോഹയിൽ തിരിച്ചെത്തേണ്ട സംഘമാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.