ബഫര്‍സോണ്‍: ജനവാസ പ്രദേശങ്ങളെ ഒഴിവാക്കണം-സി.പി.എം സെക്രട്ടേറിയറ്റ്‌


കോഴിക്കോട് : ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്‌. സുപ്രീം കോടതി വിധിയുടെ ചുവട്‌ പിടിച്ച്‌ ബഫര്‍സോണ്‍‌ നടപ്പിലാക്കുന്നതിനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്‌. ഇത്‌ പ്രാവര്‍ത്തികമാകുന്നതോടെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ അസാധ്യമായി തീരും.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത്‌ ജയറാം രമേശ്‌ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ഘട്ടത്തിലാണ്‌ വന്യ ജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയ്‌ക്ക്‌ ചുറ്റും 12 കിലോ മീറ്റര്‍ വരെ ബഫര്‍സോണ്‍ ആക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്‌. ഈ നിര്‍ദ്ദേശത്തെ പൊതുവില്‍ പിന്തുണക്കുന്ന നിലപാടാണ്‌ യു.ഡി.എഫിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌.

തുടര്‍ച്ചയായ പ്രളയവും, മറ്റ്‌ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 2019 ല്‍ 12 കിലോമീറ്ററിന്‌ പകരം ഒരു കിലോ മീറ്റര്‍ വരെ ഇവ നിശ്ചയിക്കാമെന്ന സമീപനമാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. എന്നാല്‍ ഇത്‌ പ്രായോഗികമാക്കപ്പെടുമ്പോള്‍ ചില മേഖലയില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കണമെന്ന നിലപാട്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ചു.

2020 ല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്‌ വീണ്ടും ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പി്ച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കി ബഫര്‍സോണ്‍ നിശ്ചയിക്കണമെന്നതായിരുന്നു. പൂജ്യം മുതല്‍ ഒരു കീലോ മീറ്റര്‍ വരെ ഇത്‌ നിശ്ചയിക്കുമ്പോള്‍ ജനസാന്ദ്രത കൂടിയ മേഖലകള്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ആ തീരുമാനം.

ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്‌ധ സമിതി പരിശോധിക്കുന്ന ഘട്ടത്തിലാണ്‌ ഒരു കിലോ മീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രീം കോടതി വിധി ഉണ്ടായത്‌. നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ അടിസ്‌താനത്തില്‍ കത്ത്‌ അയക്കുകയും ചെയ്‌തു.

ബഫര്‍സോണായി 12 കിലോ മീറ്റര്‍ വരെ വേണമെന്ന നിലപാട്‌ സ്വീകരിച്ചവരാണ്‌ പ്രളയ കാലത്തെ പ്രത്യേക സാഹചര്യത്തില്‍ ഒരു കിലോ മീറ്റര്‍ വരെ ബഫര്‍ സോണാക്കണമെന്ന്‌ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്‌. ഒരു കിലോമീറ്റര്‍ പരിധിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലിരിക്കുമ്പോഴാണ്‌ ഇത്തരമൊരു വിധി ഉണ്ടായത്‌. ഈ വിധിയില്‍ അപ്പീല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു.

പ്രകൃതിക്കൊപ്പം ജനങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കുകയെന്നതാണ്‌ പാര്‍ടി സ്വീകരിക്കുന്ന നയമെന്നും സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ അറിയിച്ചു.

Tags:    
News Summary - Bufferson: Avoid populated areas - CPM Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.