തലശ്ശേരി: പരിമിതികളില്‍നിന്ന് രണ്ട് രാപ്പകലുകള്‍ കലയുടെ വിസ്മയം തീര്‍ത്ത, കുടുംബശ്രീ സംഘടിപ്പിച്ച ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവത്തില്‍ കിരീടം ചൂടി വയനാട് ജില്ല. മാറിമറിഞ്ഞ പോയന്റുകള്ക്കിടെ ഫോട്ടോഫിനിഷിലാണ് 43 പോയന്റോടെ വയനാട് കലാകിരീടത്തിന് മുത്തമിട്ടത്.
ഞായറാഴ്ച ഉച്ചവരെ വയനാട് ജില്ല തന്നെയായിരുന്നു മുന്നില്‍. അവസാന നിമിഷങ്ങളില്‍ തൃശൂര്‍ ജില്ല മുന്നേറ്റം നടത്തിയതോടെയാണ് കലോത്സവം ആവേശത്തേരിലേറിയത്. അവസാന ഇനമായ സംഘനൃത്തത്തില്‍ ഒന്നാംസ്ഥാനം നേടിയതോടെയാണ് കലാകിരീടം വയനാട്ടിലേക്ക് എത്തിച്ചത്.
37 പോയന്റോടെ തൃശൂര്‍ ജില്ല രണ്ടാം സ്ഥാനവും 27 പോയന്റോടെ എറണാകുളം ജില്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പുരസ്കാരം സമ്മാനിച്ചു. 18 ഇനങ്ങളിൽ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 300ഓളം കലാപ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ കലാപ്രതിഭകളായി വയനാട് ജില്ലയിലെ വി.ജെ. അജുവിനെയും അമയ അശോകനെയും തിരഞ്ഞെടുത്തു.
ബഡ്സ് വിദ്യാർഥികള്‍ നിർമിച്ച ഉൽപന്ന പ്രദര്‍ശന സ്റ്റാളുകളില്‍ മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്കാരം നേടിയ ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം ജില്ലകള്‍ക്കുള്ള സമ്മാനവും സ്പീക്കര്‍ വിതരണം ചെയ്തു. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടന്ന കലോത്സവ സമാപനത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായി. കോര്പറേഷന് മേയര്‍ ഇന്‍ചാര്‍ജ് കെ. ഷബീന, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു.പി. ശോഭ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ല സെക്രട്ടറി പി.സി. ഗംഗാധരന്, ധര്‍മടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. സീമ, ബൈജു നങ്ങാറത്ത്, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്, അഞ്ചരക്കണ്ടി ബി.ആര്.സി വിദ്യാര്‍ഥി പി.പി. ആദിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.