കേന്ദ്ര ബജറ്റില്‍ കശുവണ്ടിമേഖലക്ക് അവഗണന

കൊല്ലം: കേന്ദ്ര ബജറ്റില്‍ കശുവണ്ടി മേഖലക്ക് ഇളവുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല. തോട്ടണ്ടി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ ഒമ്പതര ശതമാനം തീരുവ എടുത്തുകളയുകയോ കുറക്കുകയോ ചെയ്യണമെന്നായിരുന്നു പ്രധാന ആവശ്യം. അത് ബജറ്റില്‍ പരിഗണിച്ചതേയില്ല. 

മൂല്യവര്‍ധിത കശുവണ്ടിപ്പരിപ്പിന്‍െറ (റോസ്റ്റ് ചെയ്തും മറ്റും) ഇറക്കുമതിക്ക് ഉണ്ടായിരുന്ന തീരുവ 30ല്‍നിന്ന് 45 ശതമാനമാക്കിയത് മാത്രമാണ് ബജറ്റിലുണ്ടായ നിര്‍ദേശം. അതുകൊണ്ട് മേഖലക്ക് വലിയ ഗുണമില്ല. മൂല്യവര്‍ധിത കശുവണ്ടിപ്പരിപ്പിന്‍െറ ഇറക്കുമതി രണ്ട് ശതമാനം മാത്രമാണ്. 

സാധാരണ പരിപ്പിന്‍െറ ഇറക്കുമതി തീരുവ 70 ശതമാനമാക്കണമെന്ന നിര്‍ദേശവും പരിഗണിച്ചില്ല. തോട്ടണ്ടിയുടെ ഇറക്കുമതി തീരുവ എടുത്തുകളയണമെന്നും പരിപ്പിന്‍െറ ഇറക്കുമതിക്ക് ചുങ്കം ഏര്‍പ്പെടുത്തണമെന്നുമുള്ള ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാനത്തിനായതുമില്ല. ഇതിനായി എം.പിമാരുടെ യോഗം പോലും വിളിച്ചില്ല. ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടാക്കി കേന്ദ്ര സര്‍ക്കാറിന് നല്‍കുന്നതിലും വീഴ്ചയുണ്ടായതായാണ് അറിയുന്നത്. കാഷ്യൂ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ മാത്രമാണ് ഇത്തരം നിര്‍ദേശം കേന്ദ്ര സര്‍ക്കാറിനുമുന്നില്‍ വെച്ചത്. തോട്ടണ്ടിയുടെ കനത്തവിലയാണ് വ്യവസായം നേരിടുന്ന പ്രധാന പ്രതിസന്ധി. ഒരു ടണ്‍ തോട്ടണ്ടിക്ക് 14,600 രൂപവരെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ വില. 

അതില്‍ 1387 രൂപയും ഇറക്കുമതി തീരുവയാണ്. അതൊഴിവാക്കുകയോ കുറക്കുകയോ ചെയ്താല്‍ വ്യവസായത്തിന് ആശ്വാസമാകുമായിരുന്നു. കയറ്റുമതി ചെയ്യുന്ന പരിപ്പിന് ഇന്‍സെന്‍റീവ് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. അതും പരിഗണിക്കപ്പെട്ടില്ല. മൂന്ന് ലക്ഷത്തോളം തൊഴിലാളികളുടെ ജീവിതപ്രശ്നം ഗൗരവമായി കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല എന്ന വിമര്‍ശം വ്യാപകമാണ്. 

Tags:    
News Summary - budget did not give importance to cashew sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.