തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടർന്ന് മൂന്നാഴ്ചയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബിയുടെ തകരാർ പരിഹരിച്ച് മടക്കിക്കൊണ്ടുപോകാനാണ് വിദഗ്ധസംഘത്തിന്റെ ശ്രമം. ദൗത്യം പരാജയപ്പെടുന്ന പക്ഷം വിമാനത്തിന്റെ ചിറകുകൾ മാറ്റിയും പൊളിച്ചും ചരക്കുവിമാനത്തിൽ ലണ്ടനിലെത്തിക്കുമെന്നാണ് വിവരം. ആവശ്യമെങ്കിൽ ഇതിനായി സൈനികവിമാനങ്ങള്‍ വഹിക്കുന്ന ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര് വിമാനം തിരുവനന്തപുരത്തെത്തിക്കും.
എഫ് 35 ബിയുടെ അറ്റകുറ്റപ്പണിക്ക് വിദഗ്ധ സംഘവുമായി ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ ബ്രിട്ടനിൽനിന്നുള്ള പതിനേഴംഗ സംഘവുമായി ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ ‘അറ്റ്ലസ് എ 400 എം’ സൈനിക വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തിരുന്നു.
ബ്രിട്ടീഷ് എയർഫോഴ്സിലെ എൻജിനീയര്‍മാരും വിമാനം നിർമിച്ച ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയുടെ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. അറ്റകുറ്റപ്പണിക്കുള്ള യന്ത്രങ്ങളും വിമാനത്തിലുണ്ടായിരുന്നു.
വിദഗ്ധരെത്തിയതിന് പിന്നാലെ, അറ്റകുറ്റപ്പണിക്കായി യുദ്ധവിമാനം എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് കെട്ടിവലിച്ച് നീക്കി. പ്രത്യേക വിമാനത്തിലെത്തിച്ച ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു ഹാങ്ങറിലേക്കുള്ള മാറ്റം. ചെറുവാഹനം ഉപയോഗിച്ച് കെട്ടിവലിച്ചാണ് പോര്‍വിമാനത്തെ ഹാങ്ങറിലെത്തിച്ചത്. 11 മീറ്റർ ചിറകുവിസ്താരവും 14 മീറ്റർ നീളവുമാണ് ബ്രിട്ടീഷ് യുദ്ധവിമാനത്തിനുള്ളത്.
വിമാന നിർമാണക്കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ പരിശീലിപ്പിച്ച എൻജിനീയർമാർക്ക് മാത്രമേ അറ്റകുറ്റപ്പണിക്ക് സാധിക്കൂ. അറ്റകുറ്റപ്പണിയുടെ ഓരോ ഘട്ടവും ബ്രിട്ടീഷ് സൈന്യത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലുമായിരിക്കും. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന. എൻജിനീയർമാരെ എത്തിച്ച വിമാനം ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തന്നെ മടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.